കണ്ടതൊന്നുമല്ല കാട് ഇതാണ് കാട്; മാണിക്യത്തിൻ്റെ മണ്ണിലെ നിത്യഹരിത വിസ്മയം തേടി ഒന്ന് പോയാലോ...?

കണ്ടതൊന്നുമല്ല കാട് ഇതാണ് കാട്; മാണിക്യത്തിൻ്റെ മണ്ണിലെ നിത്യഹരിത വിസ്മയം തേടി ഒന്ന് പോയാലോ...?
Oct 22, 2025 04:15 PM | By Anusree vc

( www.truevisionnews.com ) വേനലിന്റെ തീവ്രത പോലും തലകുനിച്ചുനിൽക്കുന്നിടം. മലനാടിന്റെ ഹൃദയത്തിൽ, ചുട്ടുപൊള്ളുന്ന കാലത്തും സമൃദ്ധമായി ഒഴുകുന്ന പുഴയുടെ കുളിരും കൈകോർത്തു നിൽക്കുന്ന പച്ചപ്പിന്റെ വശ്യതയും ചേർന്ന് എക്കാലവും തണുപ്പിന്റെ പുടവചൂടി നിൽക്കുന്ന പ്രകൃതിയുടെ അത്ഭുതലോകമാണ് ഇവിടം.

​അതെ, നിങ്ങൾ സംശയിക്കേണ്ട, പറഞ്ഞു വരുന്നത് 'മാണിക്യം' സിനിമയിലെ പാലേരിയിൽ നിന്ന് കേവലം അഞ്ചു കിലോമീറ്റർ മാത്രം അകലെയായി സ്ഥിതി ചെയ്യുന്ന ഹരിതഭൂമിയായ ജാനകിക്കാടിനെക്കുറിച്ചാണ്. കുറ്റ്യാടിപ്പുഴയെ തഴുകി, നൂറ് മീറ്ററോളം നീണ്ടു കിടക്കുന്ന ചവറമ്മുഴിപ്പാലം അവസാനിക്കുന്നിടത്താണ് ജാനകിക്കാടിൻ്റെ കവാടം. അവിടെ ആരെയും ആകർഷിക്കുന്ന ഒരു കൂറ്റൻ ചിതൽപ്പുറ്റ് കാണാം. അവനെ നിസ്സാരമായി കാണരുത്, കാരണം ആ വിസ്മയത്തിലേക്കുള്ള പ്രവേശനകവാടം അതാണ്! മടി കൂടാതെ ആ ചിതൽപ്പുറ്റിൻ്റെ രൂപത്തിലുള്ള ടിക്കറ്റ് കൗണ്ടറിലെ ചെറിയ ദ്വാരത്തിൽ തലയിട്ട് ടിക്കറ്റ് കൈപ്പറ്റി നമുക്ക് 131 ഹെക്ടർ വരുന്ന ഈ വനത്തിലേക്ക് കടക്കാം.

ജാനകിക്കാടിന് ആ പേര് ലഭിച്ചതിന് പിന്നിൽ ഒരു കഥയുണ്ട്. മുൻ കേന്ദ്രമന്ത്രിയായിരുന്ന വി.കെ. കൃഷ്ണമേനോൻ്റെ സഹോദരി വി.കെ. ജാനകിയമ്മയുടെ എസ്‌റ്റേറ്റായിരുന്നു ഒരുകാലത്ത് ഈ പ്രദേശം. നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ ഭൂമി സർക്കാരിൻ്റെ കൈവശമെത്തിയപ്പോഴും ആ പേര് ഈ പച്ചപ്പിന് കൂട്ടിരുന്നു.

​വനത്തിൻ്റെ വലതുഭാഗത്തുകൂടി പോകുന്ന ടാർ റോഡ്, ജാനകിക്കാടിനപ്പുറമുള്ള മുള്ളൻകുന്ന് നിവാസികളുടെ പ്രധാന യാത്രാമാർഗമാണ്. റോഡിനിരുവശവും തണൽ വിരിച്ച് പലതരം മരങ്ങളും വള്ളിപ്പടർപ്പുകളും. അല്പം നടന്നാൽ വനംവകുപ്പിൻ്റെ ഓഫീസ് കാണാം. അതിനോട് ചേർന്ന് ഇന്റർപ്രട്ടേഷൻ സെൻ്റർ ഒരുക്കിയിരിക്കുന്നു. ഇവിടെയാണ് ക്യാമ്പിനായി എത്തുന്നവർക്ക് പ്രകൃതിപാഠങ്ങൾ പകരുന്നത്. അകത്ത് ഒരു അക്വേറിയവും, മുളച്ചങ്ങാടത്തിന് പകരമായി ഇപ്പോൾ ഉപയോഗിക്കുന്ന റിവർ റാഫ്റ്റും കമഴ്ത്തിയിട്ടിരിക്കുന്നത് കാണാം. പുഴയിലൂടെയുള്ള യാത്രകൾ ഇന്നും ഇവിടെ സഞ്ചാരികളുടെ മനം കവരും.

കുറച്ച് മുന്നോട്ട് നടന്നാൽ ജാനകിക്കാടിൻ്റെ പ്രധാന ഗേറ്റായി. മുമ്പ് മുള്ളൻകുന്നിലൂടെ മാത്രമായിരുന്നു കാട്ടിലേക്ക് ഒരേയൊരു വഴി. അതിനാലാണ് ഈ ഗേറ്റ് ഇവിടെ സ്ഥാപിച്ചത്. പലതരം വന്യജീവികളുടെ രൂപങ്ങൾ കൊത്തിയ ഗേറ്റിന് ജീവൻ നൽകിയത് ഇവിടുത്തുകാരനായ രാജൻ മാസ്റ്ററാണ്. ടിക്കറ്റ് കൗണ്ടറായ ചിതൽപ്പുറ്റിൻ്റെ ശിൽപിയും ഇദ്ദേഹം തന്നെ.

യാത്ര തുടങ്ങിയ ഇടത്തേക്ക് തിരിച്ചുനടന്ന്, ഇടത്തോട്ടുള്ള വഴിയിലൂടെ അൽപ്പം നടന്നാൽ ഒരു അമ്പലം കാണാം. കൂടാതെ കാടിനുള്ളിൽ നിന്നുകൊണ്ട് നോക്കുമ്പോൾ മുന്നിൽ നീണ്ടു കിടക്കുന്ന ചവറമ്മുഴിപ്പാലത്തിന് വല്ലാത്തൊരു ഭംഗി കൂടിയാണ്.

​കാട് അവസാനിക്കുന്നിടത്തുള്ള അമ്പലംകാണുബോൾ തന്നെ അത്രയും ദൂരം നടന്നതിൻ്റെ ക്ഷീണമെല്ലാം ഒരു നിമിഷം കൊണ്ട് മാഞ്ഞുപോവും. ഏറെ പഴക്കമുള്ള വിഗ്രഹവും അതിന് മുകളിൽ തണൽ വിരിച്ചിരുന്ന ഒറ്റമരവും ഇപ്പോൾ ചിത്രങ്ങളിൽ മാത്രമാണ് ആ കാഴ്ച്ച.

ജാനകിക്കാടിൻ്റെ പച്ചപ്പിനുള്ളിൽ നിന്ന് പുറത്ത് കടന്നപ്പോഴാണ് ഉച്ചിയിൽ കത്തിനിൽക്കുന്ന സൂര്യൻ്റെ സാന്നിദ്ധ്യം നാം അറിയുന്നത്. നട്ടുച്ചയ്ക്ക് പോലും സൂര്യകിരണങ്ങൾ എത്തിനോക്കാൻ മടിക്കുന്ന ഈ നിത്യഹരിത തണലിലൂടെയുള്ള യാത്ര മാത്രം മതി, ജാനകിക്കാടിനെ ഓരോ സഞ്ചാരിയും നെഞ്ചേറ്റാൻ.

This is a forest like no other; why not go in search of the evergreen wonder of the ruby ​​soil...?

Next TV

Related Stories
കണ്ടൽക്കാടുകളിൽ ഒളിപ്പിച്ചുവെച്ച 'കവ്വായി കായലി'ന്റെ സൗന്ദര്യം ആസ്വദിക്കാൻ പോയാലോ?

Nov 13, 2025 05:02 PM

കണ്ടൽക്കാടുകളിൽ ഒളിപ്പിച്ചുവെച്ച 'കവ്വായി കായലി'ന്റെ സൗന്ദര്യം ആസ്വദിക്കാൻ പോയാലോ?

കവ്വായി കായലിന്റെ സൗന്ദര്യം, കണ്ടൽക്കാടുകളുടെ ഭംഗി, പയ്യന്നൂർ, കണ്ണൂർ...

Read More >>
കടൽക്കാറ്റേൽക്കാൻ തലശ്ശേരി കടൽപാലത്തിലേക്കൊന്ന് പോയാലോ.....

Nov 9, 2025 12:11 PM

കടൽക്കാറ്റേൽക്കാൻ തലശ്ശേരി കടൽപാലത്തിലേക്കൊന്ന് പോയാലോ.....

തലശ്ശേരികടൽപ്പാലം, തലശ്ശേരി ബീച്ച്, തലശ്ശേരി...

Read More >>
Top Stories