[truevisionnews.com] ആനന്ദ് മഹീന്ദ്ര വാക്കുപാലിച്ചു, ഭൂമിയിലെ ഏറ്റവും മനോഹരമായ ഗ്രാമങ്ങളിലൊന്നെന്ന് തൻ്റെ എക്സ് പേജിൽ കുറിച്ച കടമക്കുടി നേരിൽക്കണ്ടുമടങ്ങി. വെള്ളിയാഴ്ച രാവിലെ 11.20-നാണ് 'ഥാർ' സ്വയമോടിച്ച് ആനന്ദ് മഹീന്ദ്ര കടമക്കുടി കാണാനെത്തിയത്.
കൊച്ചിയിൽ മഹീന്ദ്ര ഗ്രൂപ്പിന്റെ ലീഡർഷിപ്പ് ക്യാമ്പിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.കൊച്ചിയിൽനിന്ന് വരാപ്പുഴ വഴി വലിയ കടമക്കുടി ദ്വീപിലാണ് അദ്ദേഹം എത്തിയത്. ഡിസംബറിൽ കേരളത്തിലെത്തുമ്പോൾ കടമക്കുടി നിർബന്ധമായും സന്ദർശിക്കുമെന്ന് ആനന്ദ് മഹീന്ദ്ര നേരത്തേ പറഞ്ഞിരുന്നു.
അദ്ദേഹത്തിന്റെ വരവിനെ സ്വാഗതം ചെയ്‌തുകൊണ്ട് സംസ്ഥാന ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് സാമൂഹികമാധ്യമത്തിൽ കുറിപ്പിട്ടിരുന്നു.ഭൂമിയിലെ ഏറ്റവും മനോഹരമായ ഗ്രാമങ്ങളിലൊന്നാണ് കടമക്കുടിയെന്നാണ് ആനന്ദ് മഹീന്ദ്ര തന്റെ എക്‌സ് പേജിൽ മുൻപ് കുറിച്ചത്.
ഒറ്റക്കാഴ്ചയിൽത്തന്നെ താനെഴുതിയത് ശരിവയ്ക്കുന്നതാണെന്ന് അദ്ദേഹം എക്സസിൽ വീണ്ടും കുറിച്ചു, 'ഭൂമിയിലെ ഏറ്റവും മനോഹരമായ ഗ്രാമങ്ങളിലൊന്ന് എന്ന ഖ്യാതി കടമക്കുടി ശരിക്കും അർഹിക്കുന്നുണ്ടോ എന്നറിയാൻ ഞാൻ വെള്ളിയാഴ്ച കടമക്കുടിയിലേക്ക് വണ്ടികയറി.


വൃത്തിയുള്ളതും പ്രകൃതിരമണീയമായ കാഴ്ചകളും കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന പാടശേഖരങ്ങളും ശാന്തമായൊഴുകുന്ന കായലുമൊക്കെ ആരെയും മോഹിപ്പിക്കുന്ന കാഴ്ചകളാണ്...'ആനന്ദ് മഹീന്ദ്രയുടെ കടമക്കുടിയിലേക്കുള്ള വരവ് ആരെയും അറിയിക്കാതെയായിരുന്നു.
ഒപ്പം മറ്റു രണ്ടുപേർ കൂടിയുണ്ടായിരുന്നു. അര മണിക്കൂറിൽ താഴെ മാത്രമാണ് അദ്ദേഹം ചെലവഴിച്ചത്.
Anand Mahindra, Kadamakudy

















































