( www.truevisionnews.com )നഗരത്തിന്റെ ഇരമ്പലുകളിൽ നിന്ന് ഒളിച്ചോടാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പറ്റിയ ഒരു സ്ഥലം പറഞ്ഞുതരാം. വടക്കൻ കേരളത്തിന്റെ കവ്വായി കായൽ. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്ത് ശാന്തമായി ഒഴുകുന്ന കവ്വായി, കാങ്കോൽ, വണ്ണാത്തിച്ചാൽ, കുപ്പിത്തോട്, കുനിയൻ എന്നീ അഞ്ചു നദികളുടെ സംഗമമാണ് ഈ കായൽ. കണ്ടൽ കാടുകളുടെ മനോഹാരിത കായലിനെ ഒന്നുകൂടെ സുന്ദരമാക്കുന്നു. പ്രകൃതി രമണീയമായ ഈ ഇടം നിങ്ങൾക്കായി എന്തൊക്കെയാണ് കാത്ത് സൂക്ഷിച്ചിരിക്കുന്നതെന്ന് അറിയണ്ടേ....
കവ്വായി കായലിന്റെ ഭംഗി ശരിയായി ആസ്വദിക്കാൻ വലിയ ബോട്ടുകളിൽ പോകുന്നതിനേക്കാൾ ചെറിയ വള്ളങ്ങൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ഭംഗിയാസ്വദിക്കുന്നതിനോടൊപ്പം കാറ്റിന്റെ മൃദുലമായ സ്പർശം ഒരു പ്രത്യേക അനുഭൂതി നൽകും. മനസ്സിലെ ആകുലതകൾ എല്ലാം മറന്ന് പ്രകൃതി ഇത്ര മനോഹരമാണോ എന്ന് ചിന്തിച്ചു പോകും.
കണ്ടൽക്കാടുകൾക്ക് പ്രസിദ്ധമായ ഒരിടമാണ് കവ്വായി കായൽ. വലിയ കായൽ പരപ്പിലൂടെ പോകുന്നതിനോടൊപ്പം, കായലുമായി ബന്ധിപ്പിച്ച ചെറിയ കൈവഴികളിലൂടെ യാത്ര ചെയ്യുമ്പോൾ ഇരുവശത്തും കണ്ടൽക്കാടുകൾ തണൽ വിരിക്കുന്നു. അവയിൽ ചെറിയ ജീവികളും പക്ഷികളും കൂടുകൂട്ടും.
വൈകുന്നേരം കാഴ്ചകൾ കണ്ട് തീരത്തേക്ക് മടങ്ങുന്നതെങ്കിൽ വെള്ളത്തിൽ ചുവന്ന സൂര്യൻ പ്രതിഫലിക്കുന്നത് കാണാം. കവ്വായി കായൽ സഞ്ചരിക്കുന്നത് കേവലം കാഴ്ചകൾ കാണാനല്ല മറിച്ച്, തിരക്കുകളിൽ നിന്ന് മാറി, പ്രകൃതിയുടെ നിശ്ശബ്ദതയിലേക്കുള്ള ഒരു യാത്രയാണിത്. പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 16 കിലോമീറ്ററുകൾ മാത്രമാണ് കവ്വായിയിലേക്കുള്ള ദൂരം.


beauty of Kavvai Lake, beauty of mangroves, Payyannur, Kannur

















































