കടൽക്കാറ്റേറ്റ് കടലിന്റെ ഭംഗിയാസ്വദിച്ച് വൈകുന്നേരങ്ങളിൽ എന്തെങ്കിലും കൊറിച്ചുകൊണ്ടിരിക്കാൻ നല്ല രസമായിരിക്കില്ലേ..... അങ്ങനെ എല്ലാ സമ്മർദ്ദങ്ങളും മറന്നിരിക്കാൻ സാധിക്കുന്ന ഒരിടമാണ് തലശ്ശേരി കടൽപ്പാലം. സൂര്യാസ്തമന സമയത്ത് അവിടെയെത്തിയാൽ കാണാം ഇതുപോലെ സമാധാനമായി കടലിന്റെ ഭംഗി ആസ്വദിക്കാൻ എത്തിയ ഒത്തിരി ആളുകളെ.
തലശ്ശേരി എന്ന സ്ഥലത്തിന് ചരിത്രപരമായ ഒരുപാട് പ്രത്യേകതകളുണ്ട്. തലശ്ശേരിയെ 'The Area Of 3 Cs' എന്ന് പറയപ്പെടുന്നു. കാരണം ചരിത്രപരമായി കേക്ക്, ക്രിക്കറ്റ്, സർക്കസ് എന്നിവയുമായി തലശ്ശേരിക്ക് ബന്ധമുണ്ട്. ഇന്ത്യയിൽ ബ്രിട്ടീഷുകാർ ക്രിക്കറ്റ് കളിച്ചുതുടങ്ങിയ ആദ്യ സ്ഥലങ്ങളിൽ ഒന്നാണ് തലശ്ശേരി. 1830ൽ ആദ്യ തലശ്ശേരി ക്രിക്കറ്റ് ക്ലബ് സ്ഥാപിച്ചു.
കേരളത്തിലെ ആദ്യ ബേക്കറി സ്ഥാപിച്ചത് തലശ്ശേരിയിലാണ്. ഇപ്പോൾ ഈ ബേക്കറി സ്വാദിഷ്ടമായ കേക്കുകളുടെ പേരിലാണ് അറിയപ്പെടുന്നത്. തലശ്ശേരിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കേരളത്തിൽ നിരവധി ബേക്കറികൾ സ്ഥാപിതമായത്.


ഇന്ത്യയിലെ ആധുനിക സർക്കസിന്റെ ജന്മദേശമായി തലശ്ശേരിയെ കണക്കാക്കപ്പെടുന്നു. തലശ്ശേരി സ്വദേശിയായ കീലേരി കുഞ്ഞിക്കണ്ണൻ ആണ് ഇന്ത്യൻ സർക്കസിന്റെ പിതാവ് എന്നറിയപ്പെടുന്നത്.
തലശ്ശേരിയെ പോലെ കടൽപ്പാലത്തിനും ചരിത്രം ഉണ്ട് പറയാൻ. ബ്രിട്ടീഷ് ഭരണകാലത്ത് തലശ്ശേരി ഒരു പ്രധാന കച്ചവട കേന്ദ്രമായിരുന്നു. ഇവിടെനിന്ന് സാധനങ്ങൾ വിദേശത്തേക്ക് കയറ്റിയയച്ചിരുന്നു. വർഷങ്ങൾക്കുമുൻപ് നിര്മ്മിച്ചതാണെങ്കിലും 50 ലേറെ തൂണുകളിൽ പിടിച്ചുനിൽക്കുന്നു കടൽപ്പാലം ഇന്നും കടലിനോട് മല്ലിട്ടുകൊണ്ടിരിക്കുകയാണ്.
വരുംകാലങ്ങളിൽ പാലം സംരക്ഷിക്കാനായി നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. പാലത്തിന്റെ ബലക്കുറവ് പരിഗണിച്ച് അതിലൂടെ നടക്കാൻ അനുവാദമില്ല. തീരത്തുനിന്നു കാഴ്ചകൾ ആസ്വദിക്കാൻ സാധിക്കുന്നതാണ്.
കടൽപ്പാലവും അടുത്തായുള്ള തലശ്ശേരിക്കോട്ടയും സന്ദർശിച്ച് മടങ്ങുന്നത് ഒരുപാട് അനുഭവങ്ങൾ മനസ്സിൽ നിറച്ചുകൊണ്ടായിരിക്കും. ഒരു സായാഹ്നത്തിൽ അവിടെയെത്തുന്നതാണ് ഏറ്റവും നല്ലത്. തലശ്ശേരി റെയിൽവേ സ്റ്റേഷനിൽനിന്നും വെറും 1.3 കിലോമീറ്റർ മാത്രമാണ് ഇവിടെക്കുള്ളത്.
Thalassery Sea Bridge, Thalassery Beach, Thalassery Fort

















































