കൊച്ചി: ( www.truevisionnews.com ) ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വവും താഴുന്ന നാണയപ്പെരുപ്പവും കണക്കിലെടുത്ത് റിസര്‍വ് ബാങ്ക് വീണ്ടും പലിശ കുറച്ചേക്കും. ഡിസംബര്‍ മൂന്ന് മുതല്‍ അഞ്ച് വരെ നടക്കുന്ന റിസര്‍വ് ബാങ്കിന്റെ ധന നയ രൂപീകരണ യോഗത്തില്‍ മുഖ്യ നിരക്കായ റിപ്പോ കാല്‍ ശതമാനം കുറച്ച് 5.25 ശതമാനമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അടുത്ത ദിവസം പുറത്തുവരുന്ന ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിലെ(ജി.ഡി.പി) വളര്‍ച്ച നിരക്ക് കണക്കിലെടുത്താകും തീരുമാനം. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് അമേരിക്ക 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതോടെ രാജ്യത്തെ കയറ്റുമതി നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ വായ്പാ പലിശ കുറയ്ക്കണമെന്ന ആവശ്യം ശക്തമാണ്.
ഒക്ടോബറില്‍ ചില്ലറ വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം 0.25 ശതമാനത്തിലേക്ക് താഴ്ന്നിരുന്നു. ആറ് മാസമായി റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്ന നാല് ശതമാനത്തിലും താഴെയാണ് താണയപ്പെരുപ്പം. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നാണയപ്പെടുപ്പം 6.2 ശതമാനമായിരുന്നു. ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വങ്ങളും കാര്‍ഷിക മേഖലയിലെ പ്രതിസന്ധികളും ഒഴിഞ്ഞതോടെ വിപണിയില്‍ വില സമ്മര്‍ദ്ദം ഗണ്യമായി കുറഞ്ഞു.
നടപ്പു വര്‍ഷം ഫെബ്രുവരിയ്ക്ക് ശേഷം സാമ്പത്തിക മേഖലയ്ക്ക് ഉണര്‍വ് പകരാനായി റിസര്‍വ് ബാങ്ക് മുഖ്യ പലിശ നിരക്ക് മൂന്ന് തവണയായി ഒരു ശതമാനം കുറച്ചിരുന്നു. റിസര്‍വ് ബാങ്കില്‍ നിന്ന് ബാങ്കുകള്‍ വാങ്ങുന്ന വായ്പയുടെ പലിശയായ റിപ്പോ നിലവില്‍ 5.5 ശതമാനമാണ്.


ഭവന, വാഹന മേഖലകള്‍ക്ക് ആശ്വാസമാകും
റിപ്പോ നിരക്ക് വീണ്ടും കുറയുന്നതോടെ രാജ്യത്തെ ഭവന, വാഹന, കോര്‍പ്പറേറ്റ് മേഖലകള്‍ക്ക് ഏറെ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചരക്ക് സേവന നികുതി കുറഞ്ഞിട്ടും രാജ്യത്തെ വാഹന വിപണിയില്‍ പ്രതീക്ഷിച്ച ഉണര്‍വുണ്ടായിട്ടില്ല. റിയല്‍ എസ്റ്റേറ്റ് രംഗത്തും മാന്ദ്യം ശക്തമാണ്.ജൂലായ്-ആഗസ്റ്റ് കാലയളവില്‍ പ്രതീക്ഷിക്കുന്ന ജി.ഡി.പി വളര്‍ച്ച - 6.5%
rbi to take major decision by december first week

















































