വടകര:(vatakara.truevisionnews.com) ജീവിതം ലഹരിയായി കാണുക എന്ന സന്ദേശത്തോടെ, രാസലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് യുവതലമുറയ്ക്ക് മുന്നറിയിപ്പേകാൻ ലിസി മുരളീധരനും സംഘവും അവതരിപ്പിക്കുന്ന നൃത്തപരിപാടി നാളെ വടകര ടൗൺഹാളിൽ അരങ്ങേറും.
'അരുത് യുവത്വമേ' എന്ന് പേരിട്ടിരിക്കുന്ന ഈ കലാസൃഷ്ടി, ലഹരിയുടെ ഭവിഷ്യത്തുകളെക്കുറിച്ച് യുവാക്കളെ ബോധവൽക്കരിക്കുന്നതിനോടൊപ്പം, ആശങ്കാകുലരായ രക്ഷിതാക്കൾക്കുള്ള ഓർമ്മപ്പെടുത്തലും ലഹരി ഉപയോഗത്തിന്റെ നിയമവശങ്ങൾ സംബന്ധിച്ച വിവരങ്ങളും ഉൾക്കൊള്ളുന്നു. വടകര നഗരസഭയുടെ വിമുക്തി പദ്ധതിയുടെ ഭാഗമായി എക്സൈസ് വകുപ്പുമായി ചേർന്നാണ് ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ഈ ലഹരിവിരുദ്ധ ക്യാമ്പയിൻ ടൗൺഹാളിൽ സംഘടിപ്പിക്കുന്നത്.


വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നഗരസഭ ചെയർപേഴ്സൺ കെ.പി. ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്യും. റിട്ടയേർഡ് എസ്.ഐ. സാബു കീഴരിയൂർ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിക്കും. ഉച്ചക്ക് 12 മണിക്ക് ലിസി മുരളീധരനും മുപ്പതോളം യുവ കലാകാരന്മാരും ചേർന്ന് നൃത്തപരിപാടി അവതരിപ്പിക്കും.
'Don't be young'; Anti-drug dance campaign to be held at Vadakara Town Hall tomorrow