കുറ്റ്യാടി:(https://kuttiadi.truevisionnews.com/) ജി.സി.സി കെ.എം.സി.സി കായക്കൊടി പഞ്ചായത്ത് കമ്മിറ്റി തങ്ങളുടെ സഹപ്രവർത്തകന്റെ കുടുംബത്തിനായി നിർമ്മിച്ചുനൽകിയ വീടിന്റെ താക്കോൽദാന കർമ്മം പ്രൗഢമായ സൗഹൃദ സംഗമത്തോടെ നടന്നു. ദേവർകോവിൽ അക്വഡക്റ്റിന് സമീപം നിർമ്മിച്ച ഈ ഭവനത്തിന്റെ താക്കോൽ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറി.
സൗഹൃദ സംഗമത്തിന്റെ ഉദ്ഘാടനം സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. വി.സി. സലീത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.കെ. ജലീൽ സ്വാഗതം ആശംസിച്ചു. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള മുഖ്യപ്രഭാഷണം നടത്തുകയും പദ്ധതിയുടെ കൺവീനറായ സി.കെ. ജലീലിന് ഉപഹാരം സമർപ്പിക്കുകയും ചെയ്തു.
ഖത്തർ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുസമദ്, സെക്രട്ടറി ശംസുദ്ദീൻ എം.പി (വാണിമേൽ), കായക്കൊടി പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡന്റ് കെ.പി. കുഞ്ഞമ്മദ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ചടങ്ങിൽ ഇ.പി. മുഹമ്മദലി, പി.കെ. കുഞ്ഞമ്മദ് മാസ്റ്റർ, സി.കെ. അന്തു ഹാജി, കായക്കൊടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹാജറ കെ.ആർ, എം.ടി. മൊയ്തു മാസ്റ്റർ തുടങ്ങി രാഷ്ട്രീയ-സാമൂഹിക രംഗത്തെ നിരവധി പ്രമുഖരും ഗ്രാമപഞ്ചായത്ത് അംഗങ്ങളും പങ്കെടുത്തു.
KMCC dedicates Sneha Bhavan in Kayakodi















































