കുറ്റ്യാടി:(https://kuttiadi.truevisionnews.com/) കോഴിക്കോട് - കുറ്റ്യാടി - മാനന്തവാടി മേഖലയിലെ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമാകുന്നു. ഈ റൂട്ടിൽ പുതുതായി 12 കെ.എസ്.ആർ.ടി.സി സർവീസുകൾ ആരംഭിക്കാൻ തീരുമാനിച്ചതായി കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ അറിയിച്ചു.
ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി എം.എൽ.എ നടത്തിയ ചർച്ചകളെത്തുടർന്നാണ് നടപടി.
വടകരയിൽ നിന്ന് കുറ്റ്യാടി-മാനന്തവാടി വഴി മൈസൂരുവിലേക്ക് പുതിയ സർവീസ് ആരംഭിക്കും. പുലർച്ചെ വടകരയിൽ നിന്ന് തിരിച്ച് രാവിലെ 10 മണിയോടെ മൈസൂരുവിൽ എത്തുന്ന രീതിയിലാണ് സമയം ക്രമീകരിക്കുന്നത്.കുറ്റ്യാടി ഭാഗത്തെ രാത്രികാല യാത്രാപ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക മുൻഗണന നൽകും.
മണിയൂർ, വേളം പഞ്ചായത്തുകളിലെ യാത്രാപ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി വടകരയിൽ നിന്ന് മണിയൂരിലേക്ക് പുതിയ സർവീസ് ഇതിനകം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.


എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക യോഗത്തിൽ കെ.എസ്.ആർ.ടി.സി കൺട്രോളിങ് ഇൻസ്പെക്ടർ വി.എം. ഷാജി, എ.ടി.ഒ രഞ്ജിത്ത്, ഇൻസ്പെക്ടർ ഇൻ-ചാർജ് എസ്. ഷിബു എന്നിവർ പങ്കെടുത്തു.
പുറമേരി പഞ്ചായത്തിൽ നടപ്പിലാക്കിയ 'ഗ്രാമവണ്ടി' പദ്ധതി വൻ വിജയമാണെന്നും സമാനമായ രീതിയിൽ മറ്റു പ്രദേശങ്ങളിലെ പ്രശ്നങ്ങളും പരിഹരിക്കുമെന്നും ഉദ്യോഗസ്ഥർ യോഗത്തിൽ വ്യക്തമാക്കി.
12 KSRTC services to solve travel woes soon











































