ദേശമംഗലം: ( www.truevisionnews.com ) കിണറ്റിൽ വീണ വയോധികയെ പോലീസും ഫയർഫോഴ്‌സും സംയുക്തമായി നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ സുരക്ഷിതയായി പുറത്തെത്തിച്ചു. ദേശമംഗലം വറവട്ടൂർ കളവർക്കോട് കാർത്തിക ക്ഷേത്രത്തിന്
സമീപം താമസിക്കുന്ന മെതിയേടത്ത് അല്ലി എന്ന പാഞ്ചാലി (74) യാണ് കിണറ്റിൽ വീണത്. ഇന്നലെ വൈകിട്ട് 7:30 ഓടെയാണ് സംഭവം നടന്നത്. വീട്ടിലുള്ളവർ തൊട്ടടുത്ത അമ്പലത്തിൽ ദർശനം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് കിണറ്റിൽ നിന്ന് ശബ്ദം കേട്ടത്.
തുടർന്ന് നോക്കിയപ്പോഴാണ്, പാഞ്ചാലി കിണറ്റിലെ വാട്ടർ പൈപ്പിൽ പിടിച്ച് തൂങ്ങിക്കിടക്കുന്നതായി കണ്ടത്. ഉടൻ തന്നെ വീട്ടുകാർ ചെറുതുരുത്തി പോലീസിനെ വിവരമറിയിക്കുകയും പോലീസിൻ്റെ നിർദ്ദേശപ്രകാരം ഷൊർണൂർ ഫയർഫോഴ്‌സിനെയും വിവരം അറിയിക്കുകയും ചെയ്തു.
ചെറുതുരുത്തി എസ്.ഐ. സതീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഷൊർണൂർ ഫയർഫോഴ്‌സ് സംഘവും ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.


സീനിയർ പോലീസ് ഓഫീസർമാരായ വിനീത് മോൻ, ഗിരീഷ്, പ്രമോദ്, അനൂപ് എന്നിവർ പോലീസ് സംഘത്തിലുണ്ടായിരുന്നു. ഷൊർണൂർ ഫയർഫോഴ്‌സിൽ നിന്ന് സീനിയർ ഓഫീസർമാരായ രാജേഷ് കുമാർ, ശിവപ്രസാദ്, അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.
Elderly woman falls into well, rescued by fire force
















































