കുറ്റ്യാടി:( kuttiadi.truevisionnews.com) മഞ്ചക്കൽ, ഇളങ്ങാരംക്കോട്ട് പ്രദേശവാസികളുടെ ദീർഘകാല ആവശ്യമായിരുന്ന കക്കൂഴി തോടിന് കുറുകെയുള്ള പാലം യാഥാർത്ഥ്യത്തിലേക്ക്. എം.എൽ.എ. ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ അനുവദിച്ചതോടെ പാലം നിർമ്മാണത്തിനായുള്ള ടെൻഡർ നടപടികൾ ആരംഭിച്ചു.
വർഷങ്ങളായി ഈ പ്രദേശത്തെ ജനങ്ങൾ ഉയർത്തിക്കൊണ്ടിരുന്ന ഒരു ആവശ്യമായിരുന്നു ഈ പാലം. നിരന്തരമായ സമ്മർദ്ദങ്ങൾ ഉണ്ടായിട്ടും മുൻ ജനപ്രതിനിധികൾ ഈ ആവശ്യം മുഖവിലക്കെടുത്തിരുന്നില്ലെന്ന് ആരോപണം ഉയർന്നിരുന്നു.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുൻപ്, ഇടത് പക്ഷമുന്നണി ഈ ആവശ്യം പരിഗണിക്കാമെന്ന് പ്രദേശവാസികൾക്ക് ഉറപ്പ് നൽകിയിരുന്നു. തുടർന്ന്, നിലവിലെ വാർഡ് മെമ്പർ സരിത ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങൾ പാലം യാഥാർത്ഥ്യമാക്കാൻ വേണ്ടി ഊർജ്ജിതമായി പ്രവർത്തിച്ചു.
നൽകിയ വാഗ്ദാനം പാലിച്ചുകൊണ്ട് എം.എൽ.എ. ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. പാലത്തിന് പുറമെ, അപ്രോച്ച് റോഡ് ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് ഇപ്പോൾ വർക്ക് ടെൻഡർ നടപടിയിലേക്ക് കടന്നിരിക്കുന്നത്. ചിരകാല അഭിലാഷം പൂർത്തീകരിക്കാൻ പ്രയത്നിച്ച വാർഡ് മെമ്പർ സരിതക്കും മറ്റ് ഭരണ സമിതി അംഗങ്ങൾക്കും പ്രദേശവാസികൾ നന്ദി അറിയിച്ചു .
The dream is coming true; the bridge across the Kakuzhi stream at Manchakkal and Ilangaramkot becomes a reality















































