വടകര: ( www.truevisionnews.com ) വടകര വള്ളിക്കാട് കുറുക്കന്റെ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. യുവാവിന്റെ കൈവിരൽ കുറുക്കൻ കടിച്ചെടുത്തു. ഗുരുതരമായി പരിക്കേറ്റ പുലയൻകണ്ടി താഴെ രജീഷിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെയും രാത്രിയുമാണ് കുറുക്കന്റെ ആക്രമണമുണ്ടായത്. ഇന്നലെ രാത്രിയാണ് രജീഷിനെ കുറുക്കൻ ആക്രമിച്ചത്. കുറുക്കൻ കടിച്ചെടുത്ത വിരലിന്റ ഭാഗം നാട്ടുകാർ കണ്ടെത്തി ഇന്ന് രാവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും തുന്നിച്ചേർക്കാനായില്ല.
ഇന്നലെ രാവിലെ പുഞ്ചപ്പാലം, രയരോത്ത് പാലം എന്നിവിടങ്ങളിൽ നിന്നാണ് ആളുകളെ കടിക്കാൻ തുടങ്ങിയത്. ആറ് വയസുകാരി വലിയ പറമ്പത്ത് അനാമിക വീടിന്റെ മുറ്റത്ത് കളിക്കുന്നതിനിടെയാണ് കുറുക്കൻ കയ്യിൽ കടിച്ചത്.
പുലയൻ കണ്ടി നിവേദ്, മടത്തുംതാഴെ കുനി മോളി എന്നിവർക്കും കടിയേറ്റു. രാത്രി ആളുകൾ കുറുക്കനെ കണ്ടെത്താൻ തിരച്ചിൽ നടത്തുന്നതിനിടെയാണ് രജീഷിന് കടിയേറ്റത്. പരിക്കേറ്റ മൂന്നുപേർ വടകര ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്.


Fox attack in Vadakara, finger bitten off by fox
















































