വടകര: (vatakara.truevisionnews.com) താലൂക്കിലെ റോഡുകളുടെ ശോചനീയാവസ്ഥയും വടകര നഗരത്തിലെ ഗതാഗതകുരുക്കും പരിഹരിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ് തൊഴിലാളികൾ സമരത്തിലേക്ക്. ഇതിന്റെ ഭാഗമായി നാളെ സൂചനാ പണിമുടക്ക് നടത്താൻ സ്വകാര്യ ബസ് തൊഴിലാളി സംയുക്ത സമരസമിതി തീരുമാനിച്ചു.
നിരന്തരം അനുഭവപ്പെടുന്ന ഗതാഗത കുരുക്ക് പരിഹരിക്കാൻ അധികൃതരുടെ ഭാഗത്ത് നിന്ന് ഫലപ്രദമായ നടപടിയില്ലാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. കഴിഞ്ഞ ദിവസം വടകരയിൽ ഉണ്ടായ ഗതാഗത കുരുക്കിൽ നിരവധി വാഹനങ്ങളും യാത്രക്കാരും വലഞ്ഞിരുന്നു.


വടകരയ്ക്ക് അടുത്ത് കൈനാട്ടിയിൽ ചരക്ക് ലോറികൾ തകരാറിലായി ഇടുങ്ങിയ റോഡിൽ നിലച്ചതാണ് മണിക്കൂറുകൾ നീളുന്ന ഗതാഗത കുരുക്കിന് കാരണമായത്. വാഹനങ്ങൾ ദേശീയ പാതയ്ക്ക് പുറത്തെ സംസ്ഥാന പാതയിലേക്ക് വഴിമാറ്റി തിരിച്ചതോടെ അതുവഴിയും യാത്ര ദുഷ്ക്കരമായി . ഇടവഴികളിൽ വരെ വാഹനങ്ങൾ പരക്കം പായാൻ തുടങ്ങിയത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിട്ടുള്ളത് . ഇതോടെസ്വകാര്യ ബസ്സുകൾ സർവ്വീസ് നിർത്തിവെക്കുകയായിരുന്നു.
കടുത്ത അലംഭാവമാണ് ദേശീയ പാത അധികൃതർ ഈ മേഖലയിൽ തുടരുന്നത്. ഒച്ചിഴയുന്ന വേഗത്തിലാണ് ഇവിടെ ദേശീയ പാതയുടെ നിർമ്മാണ പ്രവൃത്തി. രാപകൽ പണിയെടുക്കുന്ന ഉത്തരേന്ത്യൻ തൊഴിലാളികൾക്ക് 360 രൂപയാണ് കരാർ കമ്പനി പ്രതിഫലമായി നൽകുന്നത്.
കേരളത്തിൽ നിർമ്മാണ മേഖലയിൽ ആയിരത്തോളം രൂപ കൂലിയുണ്ടെന്ന് അറിഞ്ഞ് ഇതിൽ പലരും ഊരാളുങ്കൽ ലേബർ സൊസൈറ്റിയിൽ ജോലിക്ക് കയറിയിട്ടുണ്ട്. ദേശീയ പാത നിർമ്മാണ കരാർ ഏറ്റെടുത്ത കമ്പനിയുടെ പല പ്രവൃത്തിയും അശാസ്ത്രീയമാണ് എന്ന ആക്ഷേപം ഇതിനകം ഉയർന്നിട്ടുണ്ട്.
ആകാശ പാതയാണ് വടകര നഗരത്തിൽ ഒരുക്കേണ്ടത്. ഇതിനായി നിർമ്മിച്ച തൂണുകൾ ഉയർന്നപ്പോൾ നേരത്തെ കോൺഗ്രീറ്റിൽ വാർത്ത ഭീമുകൾക്ക് നീളം കുറഞ്ഞുപോയ സംഭവം വരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Traffic congestion in Vadakara private bus workers to go on strike tomorrow