വടകര: (vatakara.truevisionnews.com)സാമ്രാജ്യത്വ രാഷ്ട്രങ്ങളുടെ സാമ്പത്തികവും രാഷ്ട്രീയവുമായ താല്പര്യങ്ങളാണ് പശ്ചിമേഷ്യയെ യുദ്ധത്തിലേക്ക് നയിക്കുന്നതെന്ന് സി പി ഐ സംസ്ഥാന കൗൺസിൽ മെമ്പർ വി എസ് സുനിൽകുമാർ പറഞ്ഞു. സി പി ഐ ജില്ല സമ്മേളനത്തിൻ്റെ ഭാഗമായി യുദ്ധവും സമാധാനവും എന്ന വിഷയത്തെ അധികരിച്ച് വടകര ടൗൺ ഹാളിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പശ്ചിമേഷ്യയിൽ ആധിപത്യം സ്ഥാപിക്കാനുള്ള അമേരിക്കയുടെ തന്ത്രത്തിൻ്റെ ഭാഗമാണ് ഇറാനെതിരെ ഇസ്രയേൽ നടത്തിയ ആക്രമണം. യുദ്ധത്തിൻ്റെ കെടുതികൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് സാധാരണ ജനങ്ങളാണ്.


സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന നിരപരാധികളാണ് കൊലചെയ്യപ്പെടുന്നവരിൽ ബഹുഭൂരിപക്ഷവും. അന്യായമായ യുദ്ധങ്ങൾ തടയുന്നതിൽ ഐക്യരാഷ്ട്ര സഭ പോലും പരാജയപ്പെടുന്ന ദയനീയ കാഴ്ചയാണ് കാണാൻ കഴിയുന്നത്. യുദ്ധത്തിനെതിരായി നിലപാടു സ്വീകരിക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കാനുള്ള ബോധപൂർവ്വ ശ്രമങ്ങളും നടന്നു വരുന്നു.
സമാധാനപരമായ സഹവർത്തിത്വം എന്ന ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ തീരുമാനത്തെ എക്കാലത്തും പിന്തുണച്ചിട്ടുള്ള പാർട്ടിയാണ് സി പി ഐ എന്നും അദ്ദേഹം പറഞ്ഞു.
സി പി ഐ ജില്ല എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. സി പി എം കേന്ദ്ര കമ്മിറ്റി അംഗം പുത്തലത്ത് ദിനേശൻ, വിനോദ് പയ്യട, എൻ എം ബിജു,ഇ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. സി പി ഐ ജില്ല സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ, ടി കെ രാജൻ മാസ്റ്റർ,ആർ സത്യൻ, രജീന്ദ്രൻ കപ്പള്ളി എന്നിവർ സംബന്ധിച്ചു.
economic and political interests of imperialist nations are driving West Asia to war VS Sunilkumar