ചാത്തൻകോട്ടുനട: (kuttiadi.truevisionnews.com) ഭോപ്പാലിൽ വച്ച് നടന്ന 31മത് ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ കേരളത്തെ പ്രതിനിധീകരിച്ച് ചാത്തൻകോട്ടുനട എ. ജെ ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനികളായ ഡെല്ലാ മരിയ ബേബി, അനുപ്രിയ കെ.ആർ എന്നിവർ ഗവേഷണ പ്രബന്ധ അവതരണത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചു.
ഹയർസെക്കൻഡറി വിഭാഗം ഭൗതികശാസ്ത്ര അധ്യാപകനായ ഷിബിൻ മാത്യുവിൻ്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.
പഴംതീനി വവ്വാലുകളുടെ ആവാസവ്യവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ നിപ്പാ രോഗം പൊട്ടിപ്പുറപ്പെടാൻ എങ്ങനെ കാരണമാകുന്നു എന്നതായിരുന്നു പഠന വിഷയം .
സംസ്ഥാനതലത്തിൽ അവതരിപ്പിച്ച 116 ഗവേഷണ പ്രബന്ധങ്ങളിൽ നിന്നാണ് എ.ജെ ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ ദേശീയതലത്തിലേക്ക് യോഗ്യത നേടിയത്.
കേരളത്തിൽ നിന്നുള്ള ബാലശാസ്ത്രജ്ഞർ ദേശീയ ബാലശാസ്ത്ര കോൺഗ്രസ് സംസ്ഥാന കോഓഡിനേറ്റർ പി. ഹരിനാരായണൻ്റെ നേതൃത്വത്തിൽ അഞ്ച് സഹ അധ്യാപകരോടൊപ്പമാണ് ഭോപ്പാലിലേക്ക് യാത്ര തിരിച്ചത്.
പ്രബന്ധം അവതരിപ്പിക്കാനുള്ള അവസരത്തോടൊപ്പം രാജ്യത്തെ മികച്ച ഗവേഷണ സ്ഥാപനങ്ങളിലെ പ്രതിഭകളുമായി സംവദിക്കാനുള്ള അപൂർവ്വ അവസരവും ഇവർക്ക് ലഭിച്ചു.
ടീമിലെ മറ്റുള്ളവർക്കൊപ്പം കേരളീയ വേഷത്തിൽ തിരുവാതിര കളിയും വഞ്ചിപ്പാട്ടും വിദ്യാർഥികൾ അവതരിപ്പിച്ചു.
#National #Paediatrics #Congress #AJJohnMemorialHSS #good #performance