കുറ്റ്യാടി : (kuttiadi.truevisionnews.com)കുറ്റ്യാടി ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പ് നടന്നിട്ട് മൂന്ന് വർഷം കഴിഞ്ഞു. പക്ഷെ ഇരകളായ നാനൂറോളം കുടുംബങ്ങൾക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ല.
2021 ഓഗസ്റ്റ് ആറാം തീയ്യതിയാണ് കുറ്റ്യാടി കല്ലാച്ചി, പയ്യോളി എന്നിവിടങ്ങളിലെ ഗോൾഡ് പാലസ് ജ്വല്ലറി ബ്രാഞ്ചുകൾ പൂട്ടിയിട്ട് ഉടമകൾ വിദേശത്തേക്കും മറ്റും മുങ്ങിയത്.


25 കോടിയിലധികം രൂപയുടെ തട്ടിപ്പായിരുന്നു അന്ന് നടന്നത്. ഏകദേശം നാനൂറിലധികം ആളുകൾ ഈ തട്ടിപ്പിനിരയായി. തട്ടിപ്പിനിരയായവരിൽ കൂടുതലും പാവപ്പെട്ട കുടുംബത്തിലെ സ്ത്രീകളും ക്യാൻസർ രോഗികളും വിധവകളും തൊഴിലുറപ്പ് തൊഴിലാളികളുമായിരുന്നു.
ഇരകൾ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചും വിവിധ രാഷ്ട്രീയപാർട്ടികളുടെ സഹായത്തോടെ സമരസമിതി രൂപീകരിച്ചും മാസങ്ങളോളം സമരം നടത്തിയിട്ടും പരിഹാരം കണ്ടെത്താനായില്ല.
മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ഇരകളെ കയ്യൊഴിഞ്ഞതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് നിക്ഷേപകർ. കുറ്റ്യാടി പ്രദേശത്തെ മുഖ്യ രാഷ്ട്രീയപാർട്ടികളെല്ലാം ഒന്നിച്ചിട്ടും സമരം പരാജയപ്പെട്ടത് ജനങ്ങൾക്കിടയിൽ ചർച്ചയാണ്.
രാഷ്ട്രീയപ്പാർട്ടിക്കാർ കൈയൊഴിഞ്ഞതോടെ വലിയ രീതിയിലുള്ള സമരപരിപാടികളൊന്നും സംഘടിപ്പിക്കാനായിട്ടില്ലെങ്കിലും നിയമപരമായ കാര്യങ്ങളുമായി മുന്നോട്ട് പോവുകയാണ് ആക്ഷൻ കമ്മിറ്റി.
ആക്ഷൻ കമ്മിറ്റിയുടെ ശ്രമഫലമായി കേസിൽ ബഡ്സ് നിയമം ചുമത്താനും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനത്തിനും ഗവൺമെന്റ് ഉത്തരവ് വന്നിട്ടുണ്ട്. പക്ഷേ ക്രൈംബ്രാഞ്ച് അന്വേഷണം എന്ന നിക്ഷേപകരുടെ ആവശ്യത്തിന് സർക്കാർ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല.
ഇത്രയും കാലമായിട്ടും തൊണ്ടിമുതൽ കണ്ടെടുക്കാനാവാത്തതും ചിലരെ കേസിൽ നിന്ന് ഒഴിവാക്കിയതും രാഷ്ട്രീയ സ്വാധീനം കൊണ്ടാണെന്നും ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയാലേ ഈ കാര്യങ്ങൾ പുറത്തുവരികയുള്ളുവെന്നാണ് ഇരകളുടെ വാദം.
ഗോൾഡ് പാലസ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാ വശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്കും ഡിജിപി ക്കും സ്ഥലം എംഎൽഎയ്ക്കും പരാതി നൽകിയിട്ടുണ്ടെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
 അതിനു പുറമേ കേസിൽ കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഇടപെടലിന്റെ സാധ്യതകൾ പരിശോധിക്കുകയാണെന്ന് ആക്ഷൻ കമ്മിറ്റി ചെയർമാൻ മെഹബൂബ് പുഞ്ചൻകണ്ടി ജനറൽ കൺവീനർ സുബൈർ പി കുറ്റ്യാടി എന്നിവർ അറിയിച്ചു.
#Three #years #Gold #Palace #jewelery #fraud #Justice #still #far #away #victims


 
                    
                    




















.jpeg)






















