കുറ്റ്യാടി: [kuttiadi.truevisionnews.com] ജനുവരി 29 മുതൽ ഫെബ്രുവരി 1 വരെ കോഴിക്കോട് ബീച്ചിൽ നടക്കുന്ന കേരള ഡിസബിലിറ്റി ഫെസ്റ്റിവലിന്റെ ഭാഗമായി കുറ്റ്യാടിയിൽ കൂട്ടയോട്ടം സംഘടിപ്പിക്കുന്നു. ശാരീരിക പരിമിതിയുള്ളവരെ സമൂഹം ഉൾക്കൊള്ളേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് ബുധനാഴ്ച രാവിലെ 10.30-നാണ് പരിപാടി നടക്കുക.
കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. മോഹൻദാസ് കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്യും. തണൽ കരുണ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾ, ജീവനക്കാർ, കമ്മിറ്റി അംഗങ്ങൾ എന്നിവർക്ക് പുറമെ വിവിധ വിദ്യാലയങ്ങളിലെ എസ്.പി.സി, എൻ.എസ്.എസ്, സ്കൗട്ട് ആൻഡ് ഗൈഡ്, ജെ.ആർ.സി വോളന്റിയർമാർ, സന്നദ്ധ സംഘടനകൾ, വ്യാപാരികൾ തുടങ്ങിയവരും പങ്കാളികളാകും.
ശാരീരിക വെല്ലുവിളികൾ എന്നത് വ്യക്തിപരമായ പ്രശ്നമല്ലെന്നും അവരെ ഉൾക്കൊള്ളുന്നതിൽ സമൂഹം പരാജയപ്പെടുന്നതിന്റെ ഫലമാണെന്നും ബോധ്യപ്പെടുത്തുകയാണ് ഈ ഫെസ്റ്റിവലിലൂടെ ലക്ഷ്യമിടുന്നത്. തണൽ കരുണ ജനറൽ സെക്രട്ടറി വി.പി. ലത്തീഫ്, കോ-ഓർഡിനേറ്റർ ഇ.ജെ. നിയാസ് എന്നിവർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചതാണിത്.
Mass race today in Kuttiadi
















































