കക്കട്ടിൽ :(https://kuttiadi.truevisionnews.com/) നരിപ്പറ്റ പഞ്ചായത്ത് പതിനെട്ടാം വാർഡ് തിനൂരിൽ മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി മൊയ്തു യു.ഡി.എഫ് ഔദ്യോഗിക സ്ഥാനാർഥി നരിപ്പറ്റ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് സി.കെ നാണുവിനെതിരേ മത്സര രംഗത്ത്. ആകെയുള്ള 18 വാർഡുകളിൽ 13 ഇടങ്ങളിൽ കോൺഗ്രസ് 15 വാർഡുകളിലും മൂന്ന് വാർഡുകളിൽ മുസ്ലിം ലീഗുമാണ് മത്സരിക്കാൻ ധാരണയായത്.
മുസ്ലിം ലീഗിന് നല്ല വോട്ടർമാരുള്ള പതിനെട്ടാം വാർഡ് ഉൾക്കൊള്ളുന്ന പ്രദേശം കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം ലീഗിന് നൽകണമെന്ന തരത്തിൽ ചർച്ചകൾ നടന്നിരുന്നുവെന്നും അത് പാലിക്കപ്പെടാത്തതാണ് തർക്കത്തിനിടയാക്കിയതെന്നും വിമതസ്ഥാനാർഥിയുടെ അനുകൂലികൾ പറഞ്ഞു.
സ്ഥാനാർഥി നിർണയ സമയത്തു തന്നെ സമവായ ചർച്ചകൾ നടന്നുവെങ്കിലും വാർഡ് പഞ്ചായത്ത് തലങ്ങളിൽ തീരുമാനമാവാതെ വന്നതോടെ ജില്ലാ നേതാക്കൾ ഇടപെട്ടതിനെ തുടർന്ന് പൂർവ്വസ്ഥിതി തുടരാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് മത്സരിക്കുകയാണെന്നാണ് ഔദ്യോഗിക വിശദീകരണം.
അതേസമയം എസ്.സി സംവരണ വാർഡായ 12 കോൺഗ്രസിനു നൽകി പ്രശ്ന പരിഹാരത്തിനു ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു. മത്സര രംഗത്തുനിന്ന് പിൻമാറാൻ ഉദ്ദേശിക്കുന്നില്ലെന്ന് പി.പി മൊയ്തു പറഞ്ഞു. കോൺഗ്രസിൽനിന്ന് അച്ചടക്ക നടപടിയുടെ ഭാഗമായി പുറത്താക്കപ്പെട്ട കാണങ്കണ്ടി റഹിം ഹാജിയും ഇതേ വാർഡിൽ പത്രിക സമർപ്പിച്ചെങ്കിലും പിന്നീട് പിൻവലിക്കുകയായിരുന്നു.
Muslim League rebel comes out against UDF candidate








































