കുറ്റ്യാടി : (kuttiadi.truevisionnews.com) വേളം ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ യുപി സ്കൂൾ ആയ ഒതയോത്ത് ചീക്കിണി മെമ്മോറിയൽ ഗവൺമെൻറ് യുപി സ്കൂൾ -ചെറുകുന്ന് കെട്ടിട നിർമ്മാണത്തിനായി ഒരു കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവിന് പിന്നാലെ നടപടികൾ ആരംഭിച്ചു.
പൊളിച്ചു മാറ്റേണ്ട കെട്ടിടം പൊളിച്ചു മാറ്റുകയും,ടെൻഡർ നടപടികൾ പൂർത്തീകരിച്ച് പ്രവർത്തി ആരംഭിക്കുകയും ചെയ്തു. പ്രവൃത്തി ഉദ്ഘാടനം കുറ്റ്യാടി എംഎൽഎ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ നിർവഹിച്ചു.
1920കളിൽ ബ്രിട്ടീഷ് ഭരണകാലത്ത് ആരംഭം കുറിച്ച ഈ വിദ്യാലയം വിവിധ സ്ഥലങ്ങളിലായാണ് ആരംഭഘട്ടത്തിൽ പ്രവർത്തനം നടത്തിയത്. പ്രദേശവാസികളും അധ്യാപകരും നടത്തിയ ശ്രമഫലമായാണ് ചെറുകുന്ന് പ്രദേശത്ത് തന്നെ സൗജന്യമായി ലഭിച്ച 72 സ്ഥലത്ത് സെൻറ് സ്ഥലത്ത് ഈ സ്കൂൾ പ്രവർത്തനം നിലനിർത്താൻ സാധിച്ചത്. മൂന്നു ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട വേളം ഗ്രാമപഞ്ചായത്തിലെ വിദ്യാഭ്യാസ രംഗത്ത് ഈ സ്ഥാപനം വഹിച്ച പങ്ക് വളരെ വലുതാണ്.
1999 ൽ ഈ സ്കൂളിലെ ഷെഡ്ഡിൽ പ്രവർത്തിച്ചിരുന്ന അഞ്ച് ക്ലാസുകളിലെ വിദ്യാർത്ഥികളും അധ്യാപകരും നാടിനെ നടുക്കിയ ഇടിമിന്നൽ ദുരന്തത്തിനിരയായി.5 വിദ്യാർത്ഥികളും ഒരു അധ്യാപികയുമാണ് അന്ന് മരണമടഞ്ഞത്.
തുടർന്ന് സ്കൂളിൻറെ പശ്ചാത്തല സൗകര്യ വികസനത്തിനായി വിവിധ ഫണ്ടുകൾ ലഭിച്ചെങ്കിലും,ഇപ്പോഴും അസൗകര്യങ്ങൾ കൊണ്ടുള്ള പ്രയാസം നിലനിൽക്കുന്ന അവസ്ഥയിൽ ,സ്കൂളിൻറെ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എൻജിനീയർമാർക്ക് നിർദ്ദേശം നൽകുകയുണ്ടായി.
ഇപ്രകാരം തയ്യാറാക്കിയ പ്രൊജക്റ്റ് റിപ്പോർട്ട് ബഹു വിദ്യാഭ്യാസ മന്ത്രി ശ്രീ ശിവൻകുട്ടിക്ക് സമർപ്പിക്കുകയും ഒരുകോടി രൂപയുടെ ഭരണാനുമതി ലഭിക്കുകയും ചെയ്തു.പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിനാണ് പ്രവൃത്തിയുടെ നിർവഹണ ചുമതല. ചടങ്ങിൽ വേളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് തായന ബാലാമണി അധ്യക്ഷത വഹിച്ചു. പിഡബ്ല്യുഡി ബിൽഡിങ് വിഭാഗം അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ പി എം ഷാനിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു.
വേളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി എം കുമാരൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുമ മലയിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബ്ലോക്ക് പഞ്ചായത്ത് അംഗം കെസി മുജീബ് റഹ്മാൻ, പഞ്ചായത്ത് അംഗങ്ങളായ കെ സി സിത്താര , എം സി മൊയ്തു, അനിഷ പ്രദീപൻ, സ്കൂൾ ഹെഡ്മാസ്റ്റർ സി സതീശൻ എന്നിവർ സംസാരിച്ചു.
Othayoth Cheekini Memorial Government UP School-Cherukunnu building construction inauguration

















































