കുന്നുമ്മല്‍: ( kuttiadi.truevisionnews.com) സംസ്ഥാന സര്‍ക്കാറിന്റെയും ഗ്രാമപഞ്ചായത്തിന്റെയും വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത് കുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത് വികസന സദസ്സ്. ഗ്രാമപഞ്ചായത്ത് ഗ്രൗണ്ടില്‍ നടന്ന പരിപാടി കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി കെ റീത്ത അധ്യക്ഷയായി.
സംസ്ഥാന സര്‍ക്കാറിന്റെയും ഗ്രാമപഞ്ചായത്തിന്റെയും വികസന നേട്ടങ്ങളുടെ അവതരണം, ജല ബജറ്റ് അവതരണം, കലാ-സാംസ്‌കാരിക മേഖലയിലെ പ്രശസ്തരുടെ ഫോട്ടോ പ്രദര്‍ശനം, കരകൗശല വസ്തുക്കളുടെയും പുരാവസ്തുക്കളുടെയും പ്രദര്‍ശനം, കുടുംബശ്രീ പായസമേള, മെഡിക്കല്‍ ക്യാമ്പ്, കെ സ്മാര്‍ട്ട് ക്ലിനിക്ക്, പഞ്ചായത്ത് വികസന പ്രവര്‍ത്തനങ്ങളുടെ ചിത്രപ്രദര്‍ശനം, ഹരിത കര്‍മസേനാംഗങ്ങളെയും വിവിധ മേഖലയില്‍ നേട്ടങ്ങള്‍ കൈവരിച്ചവരെയും ആദരിക്കല്‍, ജനകീയ ചര്‍ച്ച തുടങ്ങിയവ വികസന സദസിന്റെ ഭാഗമായി നടന്നു.


സംസ്ഥാന സര്‍ക്കാറിന്റെ വികസന റിപ്പോര്‍ട്ട് റിസോഴ്‌സ് പേഴ്‌സണ്‍ കെ പ്രകാശും ഗ്രാമപഞ്ചായത്തിന്റെ റിപ്പോര്‍ട്ട് പഞ്ചായത്ത് സെക്രട്ടറി രാജീവന്‍ വള്ളിലും അവതരിപ്പിച്ചു. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടില്‍, സ്ഥിരം സമിതി അധ്യക്ഷന്‍ കുഞ്ഞിരാമന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി വിജിലേഷ്, ഭരണസമിതി അംഗങ്ങള്‍, കുടുംബശ്രീ-ഹരിത കര്‍മ സേനാംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് അഞ്ച് വര്‍ഷത്തിനിടെ പഞ്ചായത്തില്‍ നടപ്പാക്കിയത്. 214 കുടുംബങ്ങള്‍ക്കാണ് ലൈഫ് പദ്ധതി വഴി വീടൊരുക്കിയത്. 24 കോടി രൂപ വിനിയോഗിച്ച് കുടിവെള്ള പദ്ധതി നടപ്പാക്കുകയും 3,734 പൈപ്പ് കണക്ഷനുകള്‍ നല്‍കുകയും ചെയ്തു. അതിദരിദ്രരെ കണ്ടെത്തി ആവശ്യമായ സഹായങ്ങള്‍ നല്‍കി പഞ്ചായത്തിനെ അതിദാരിദ്ര്യ മുക്തമാക്കി. 3,326 പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് വിവിധ സേവനങ്ങള്‍ നല്‍കി. കാര്‍ഷിക മേഖലയിലും വിവിധ പദ്ധതികള്‍ നടപ്പാക്കി. മൃഗസംരക്ഷണ മേഖലയില്‍ ഒരു കോടിയുടെ പദ്ധതി, സൗജന്യ മരുന്ന് വിതരണം തുടങ്ങിയവ അതില്‍ ശ്രദ്ധേയമായവയാണ്.
Kunnummal Grama Panchayat Development Assembly discusses development progress