Featured

ഹാജറയുടെ മരണം; അക്യുപങ്ചര്‍ ചികിത്സയെന്ന് പരാതി നൽകി കുടുംബം

News |
Aug 28, 2025 01:31 PM

കുറ്റ്യാടി: (kuttiadi.truevisionnews.com) കുറ്റ്യാടിയിൽ കാന്‍സര്‍ രോഗ ബാധിതയായ യുവതിയുടെ മരണത്തിനു കാരണം അക്യുപങ്ചര്‍ ചികിത്സയാണെന്ന് കുടുംബത്തിന്റെ ആരോപണത്തിന് പിന്നാലെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. അടുക്കത്ത് സ്വദേശി ഹാജറയുടെ കുടുംബമാണ് അക്യുപങ്ചർ ചികിത്സകർക്കെതിരെ കുറ്റ്യാടി പൊലീസില്‍ പരാതി നല്കിയത്.

ഹാജറയും അക്യുപങ്ചർ ചികിത്സകരും തമ്മിലെ സംഭാഷണവും പുറത്ത് വന്നിട്ടുണ്ട് . വേദന മൂർഛിക്കുന്നത് രോഗം മാറുന്നതിന്റെ സൂചനയെന്ന് അക്യുപങ്ചർ ചികിത്സകർ ഓഡിയോയില്‍ പറയുന്നത്. ആശുപത്രിയില്‍ പോയാല്‍ അവർ കീറിമുറിക്കുമെന്നും അക്യുപങ്ചറിലൂടെ കാന്‍സർ ഭേദമാകുമെന്നും ചികിത്സകര്‍ ഉപദേശം നല്‍കുന്നുണ്ട്. ചികിത്സ ഫലിക്കുമെന്ന് തോന്നുന്നില്ലെന്നും സഹിക്കാന്‍ കഴിയാത്ത വേദനയാണെന്നും ഹാജറ പറയുന്നുണ്ട്.

എന്നാല്‍ അത് നിങ്ങളുടെ തോന്നലാണെന്നും ചികിത്സ ചെയ്തിട്ട് വേദന വരുന്നുണ്ടെങ്കില്‍ അത് സുഖപ്പെടാനല്ലേയെന്നും അക്യുപങ്ചർ ചികിത്സക ഹാജറോട് പറഞ്ഞു. പനിക്കുന്നത് ശരീരത്തിന്റെ കേടുപോകാനാണെന്നും കല്ലിപ്പ് പുറത്തു വന്ന് അത് എങ്ങനെയെങ്കിലും പോകുമെന്നും തല്ക്കാലം രാവിലെയും വൈകിട്ടും മാറില്‍ 10 മിനിട്ട് വെയില് കൊള്ളണമെന്നും ഇവര്‍ രോഗിക്ക് ഉപദേശം നല്‍കി.

നീരുവന്നോ,പനിച്ചോ, മെന്‍സസിലൂടെയോ അത് പുറത്തുപോകുമെന്നുമാണ് അക്യുപങ്ചർ ചികിത്സക പറയുന്നത്. ഹാജറ മരിച്ചതിന് ശേഷം വാട്ട്സാപ്പ് പരിശോധിച്ചപ്പോഴാണ് കുടുംബം അക്യുപങ്ചർ ചികിത്സകരുമായി നടത്തിയ ചാറ്റുകള്‍ കണ്ടത്. അക്യുപങ്ചർ ചികിത്സകർക്കെതിരെ കുറ്റ്യാടി പൊലീസിലും ആരോഗ്യവകുപ്പിനും കുടുംബം പരാതി നല്‍കിയിട്ടുണ്ട്.

സ്‌തനാർബുദമാണെന്ന് തിരിച്ചറിഞ്ഞിട്ടും കുടുംബത്തെ അറിയിക്കാതെ അക്യുപങ്ചർ ചികിത്സ തുടരുകയായിരുന്നുവെന്നാണ് കുടുംബം പരാതിയിൽ പറയുന്നത്. സ്തനത്തിൽ തടിപ്പുണ്ടായതിനെ തുടർന്നായിരുന്നു ഹാജറ കുറ്റ്യാടിയിലെ അക്യുപങ്ചർ ക്ലിനിക്കിൽ ചികിത്സ തേടിയത്. അവിടെ ആറ് മാസത്തോളം ചികിത്സതേടി. അവിടെനിന്ന് ഭേദമാകാത്തതിനെ തുടർന്ന് മറ്റ് രണ്ട് ഡോക്റ്റർമാരെ നിർദേശിച്ചതിനു പിന്നാലെ കോഴിക്കോട്ടെ അക്യുഷ് അക്യുപങ്‌ചർ ഹോംലേക്ക് മാറുകയായിരുന്നു.

ശരീരം വ്രണമാകുമ്പോഴും പൊട്ടിയൊലിക്കുമ്പോഴുമൊക്കെ എല്ലാം റെഡിയാവും എന്നതായിരുന്നു ചികിത്സ നടത്തിയവരുടെ മറുപടിയെന്നാണ് കുടുംബം പറയുന്നത്. ഹാജറയ്ക്ക് കാൻസർ ആണെന്ന വിവരം അറിയാമായിരുന്നിട്ടും കുടുംബത്തെ അറിയിച്ചിരുന്നില്ലെന്നും പരാതിയിൽ പറയുന്നുണ്ട്.

ഒരു ദിവസം നാല് ഗ്ലാസ് വെള്ളവും അത്തിപ്പഴവും മാത്രം കഴിക്കുക എന്നായിരുന്നു ചികിത്സാ കേന്ദ്രത്തിന്റെ നിർദ്ദേശം. കഴിഞ്ഞ ഒരു മാസമായി യുവതിയുടെ ഭക്ഷണം ഇങ്ങനെയായിരുന്നു. ഇത് യുവതിയുടെ ആരോഗ്യനില ഗുരുതരമാക്കുകയായിരുന്നു യുവതിയെ കോഴിക്കോട്, ബംഗളുരു എന്നിവിടങ്ങളിലെ ആശുപത്രികളിലെത്തിച്ച് ചികിത്സിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കോഴിക്കോട് ഫാത്തിമ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് യുവതിക്ക് ക്യാൻസർ സ്ഥിരീകരിച്ചത്.

ഭർത്താവ്:പരേതനായ വാഴയിൽ സലാം.

മക്കൾ: നിദ,ബാസിൽ, അൽത്താഫ്.

മരുമകൻ: റിയാസ്.

സഹോദരൻ: ഖലീൽ.

Family files complaint alleging acupuncture treatment was the cause of Hajara death

Next TV

Top Stories










News Roundup






Entertainment News





//Truevisionall