കുറ്റ്യാടി:(kuttiadi.truevisionnews.com)കുറ്റ്യാടിയിലെ ക്യാൻസർ രോഗിയായ യുവതിയുടെ മരണത്തിൽ അക്യുപങ്‌ചർ ചികിത്സാ കേന്ദ്രത്തിനെതിരെ ആരോപണവുമായി കുടുംബം. കുറ്റ്യാടി സ്വദേശിയായ ഹാജിറ എന്ന യുവതി മരിക്കാൻ കാരണം അക്യുപങ്ചർ ചികിത്സയാണെന്നാണ് കുടുംബത്തിൻ്റെ ആരോപണം.
സ്‌തനാർബുദമാണെന്ന് തിരിച്ചറിഞ്ഞിട്ടും കുടുംബത്തെ അറിയിക്കാതെ അക്യുപങ്ചർ ചികിത്സ തുടരുകയായിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. കുറ്റ്യാടി അടുക്കത്ത് സ്വദേശിയായ ഹാജിറ (46) ആണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. ഹാജറയുടെ അസുഖം മൂർഛിക്കാനും മരണത്തിന് കാരണമാവുകയും ചെയ്ത ആശുപത്രി ചികിത്സ വിഭാഗക്കാർക്കെതിരെയാണ് കുടുംബം പരാതി നൽകിയിരിക്കുന്നത്.
സ്തനത്തിൽ തടിപ്പുണ്ടായതിനെ തുടർന്നായിരുന്നു ഹാജറ കുറ്റ്യാടിയിലെ അക്യുപങ്ചർ ക്ലിനിക്കിൽ ചികിത്സ തേടിയത്. അവിടെ ആറ് മാസത്തോളം ചികിത്സതേടി. അവിടെനിന്ന് ഭേദമാകാത്തതിനെ തുടർന്ന് മറ്റ് രണ്ട് ഡോക്റ്റർമാരെ നിർദേശിച്ചതിനു പിന്നാലെ കോഴിക്കോട്ടെ അക്യുഷ് അക്യുപങ്‌ചർ ഹോംലേക്ക് മാറുകയായിരുന്നു.
ശരീരം വ്രണമാകുമ്പോഴും പൊട്ടിയൊലിക്കുമ്പോഴുമൊക്കെ എല്ലാം റെഡിയാവും എന്നതായിരുന്നു ചികിത്സ നടത്തിയവരുടെ മറുപടിയെന്നാണ് കുടുംബം പറയുന്നത്. ഹാജറയ്ക്ക് കാൻസർ ആണെന്ന വിവരം അറിയാമായിരുന്നിട്ടും കുടുംബത്തെ അറിയിച്ചിരുന്നില്ലെന്നും പരാതിയിൽ പറയുന്നുണ്ട്.
ഒരു ദിവസം നാല് ഗ്ലാസ് വെള്ളവും അത്തിപ്പഴവും മാത്രം കഴിക്കുക എന്നായിരുന്നു ചികിത്സാ കേന്ദ്രത്തിന്റെ നിർദ്ദേശം. കഴിഞ്ഞ ഒരു മാസമായി യുവതിയുടെ ഭക്ഷണം ഇങ്ങനെയായിരുന്നു. ഇത് യുവതിയുടെ ആരോഗ്യനില ഗുരുതരമാക്കുകയായിരുന്നു. യുവതിയെ കോഴിക്കോട്, ബംഗളുരു എന്നിവിടങ്ങളിലെ ആശുപത്രികളിലെത്തിച്ച് ചികിത്സിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കോഴിക്കോട് ഫാത്തിമ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് യുവതിക്ക് ക്യാൻസർ സ്ഥിരീകരിച്ചത്. യുവതിയുടെ മരണത്തിന് ഏതാനും മാസങ്ങൾക്ക് മുൻപ് ചികിത്സ കേന്ദ്രത്തിന് എതിരെ പരാതി നൽകിയിട്ടും കാര്യമായ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും കുടുംബം ആരോപിക്കുന്നുണ്ട്. കൂടാതെ ഇന്ന് ഹാജറയുടെ മകനും കുറ്റ്യാടി പൊലീസിൽ പരാതി നൽകും .
ഭർത്താവ്:പരേതനായ വാഴയിൽ സലാം.
മക്കൾ: നിദ,ബാസിൽ, അൽത്താഫ്.
മരുമകൻ: റിയാസ്.
സഹോദരൻ: ഖലീൽ.
Family alleges acupuncture treatment center over death of cancer patient Hajira in Kuttiyadi