കുറ്റ്യാടി: (kuttiadi.truevisionnews.com)കുറ്റ്യാടി ചുരം റോഡിൽ വാഹനാപകടം. കുറ്റ്യാടി ചുരം റോഡിൽ മുളവട്ടത്ത് പിക്കപ്പ് വാൻ കെ എസ് ആർ ടി സി ബസിന്റെ പിന്നിലിടിച്ച് ഡ്രൈവർക്ക് പരിക്കേറ്റു. പിക്കപ്പ് വാൻ ഡ്രൈവറായ ആന്ധ്ര സ്വദേശി റാവുള്ളപള്ളി (30 ) എന്നയാൾക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെയോടെയായിരുന്നു അപകടം.
ആന്ധ്രയിൽ നിന്നും കോഴിക്കോട്ടേക്ക് നാരങ്ങ കയറ്റി വന്ന പിക്കപ്പ് വാൻ ആണ് അപകടത്തിൽപ്പെട്ടത്. ചുരം ഇറങ്ങിവരവെ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ കെഎസ്ആർടിസി ബസിന്റെ പിന്നിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. വാഹനത്തിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ അരമണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമാണ് പുറത്തെടുത്തത്. ഇയാളെ തൊട്ടിൽപ്പാലം ഇഖ്റ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.


അതേസമയം, താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി തിരിച്ചുവിട്ട വാഹനങ്ങൾ കുറ്റ്യാടി ചുരത്തിലൂടെ എത്തിയതോടെ ഇന്ന് പുലർച്ച വരെ വലിയ രീതിയിലുള്ള ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. തൊട്ടിൽപ്പാലം പോലീസും,ചുരം ഹെൽപ്പ് ഡസ്ക് വളണ്ടിയേഴ്സും ചുരം സംരക്ഷണ സമിതി പ്രവർത്തകരും രാത്രിയിൽ ഉടനീളം പുലർച്ച വരെ പ്രയത്നിച്ചാണ് വാഹനങ്ങൾ കടത്തിവിട്ടത്.
നിലവിൽ കർണാടകയിലേക്കും വയനാട്ടിലേക്കും കെഎസ്ആർടിസി ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കുറ്റ്യാടി ചുരം വഴി കടന്നുപോകുന്നു. പുലർച്ചയോടെ വലിയ രീതിയിലുള്ള ഗതാഗത കുരുക്ക് അവസാനിച്ചെങ്കിലും രാവിലെ 8.30 ഓടെ ഇടയ്ക്കിടെയുള്ള സമയങ്ങളിൽ മേലെ പൂതംപാറയിൽ ഉൾപ്പെടെ ഏറെനേരം വീണ്ടും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു.
Driver injured in accident where pickup van hits KSRTC bus in Mulavattom kuttiyadi churam road