കുറ്റ്യാടി: (kuttiadi.truevisionnews.com) കുറ്റ്യാടി നിയോജകമണ്ഡലത്തിലെ റോഡുകളുടെയും ഡ്രെയിനേജുകളുടെയും പുനരുദ്ധാരണത്തിനായി പൊതുമരാമത്ത് വകുപ്പ് 57 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി. വിവിധ റോഡുകളിലെ ഡ്രെയിനേജുകളുടെയും കൾവേർട്ടുകളുടെയും പ്രശ്നങ്ങൾ എം.എൽ.എയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫണ്ട് അനുവദിച്ചത്.
ഇതിൽ, ആയഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിനായി ഡ്രെയിനേജ് നിർമിക്കാൻ 17 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇത് പ്രദേശവാസികളുടെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു. ഇതിനു പുറമെ, തിരുവള്ളൂർ-ആയഞ്ചേരി(മാങ്ങാട്) റോഡിന്റെ ഡ്രെയിനേജ് നിർമാണത്തിന് പത്ത് ലക്ഷം രൂപ അനുവദിച്ചു.
നങ്ങീലണ്ടി മുക്ക്-വളയന്നൂർ റോഡിന്റെ തകരാറിലായ കൾവേർട്ട് പുനരുദ്ധരിക്കുന്നതിന് 20 ലക്ഷം രൂപയും വട്ടോളി-പാതിരിപ്പറ്റ റോഡിന്റെ മലയിൽ പീടിക ഭാഗത്ത് തകരാറിലായ കൾവേർട്ട് പുനരുദ്ധരിക്കുന്നതിന് പത്ത് ലക്ഷം രൂപയും അനുവദിച്ചു. ഈ ഫണ്ടുകൾ ഉപയോഗിച്ച് റോഡുകളിലെ ഗതാഗത പ്രശ്നങ്ങൾക്കും വെള്ളക്കെട്ടിനും പരിഹാരമാകുമെന്ന് അധികൃതർ അറിയിച്ചു.
Administrative sanction of 57 lakhs for damaged roads in Kuttiyadi constituency