Aug 6, 2025 05:16 PM

തൊട്ടിൽപ്പാലം: (kuttiadi.truevisionnews.com ) തൊട്ടിൽപ്പാലത്ത് തേങ്ങ മോഷണം ആരോപിച്ച് ആദിവാസി സ്ത്രീയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി ഒ ആര്‍ കേളു അടിയന്തര റിപ്പോര്‍ട്ട് തേടി. അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടറോട് മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. കോഴിക്കോട് കുറ്റ്യാടി മേഖലയിലാണ് സംഭവം.

തൊട്ടിൽപ്പാലം സ്വദേശിയായ കാവിലുംപാറ പഞ്ചായത്ത് രണ്ടാം വാർഡിൽ താമസിക്കുന്ന വലിയപറമ്പത്ത് ജിഷ്മയാണ് കളക്ടർക്ക് പരാതി നൽകിയത്. ജാതിഅധിക്ഷേപവും, ശാരീരിക ലൈംഗികഅതിക്രമവും നേരിട്ടെന്നാണ് യുവതിയുടെ പരാതി. തേങ്ങാ മോഷണത്തിനെതിരെ പ്രദേശത്ത് രൂപീകരിച്ച കമ്മിറ്റി അംഗങ്ങള്‍ മര്‍ദ്ദിച്ചെന്നാണ് ജിഷ്മ ആരോപിച്ചത്. റോഡിലൂടെ വലിച്ചിഴച്ചുവെന്നും വസ്ത്രം വലിച്ചുകീറിയെന്നും ജിഷ്മ ആരോപിച്ചു.

വീടിനു സമീപത്തെ പറമ്പിൽ നിന്നും തവര പറിച്ച് വരുന്നതിനിടെ തന്നെ തടഞ്ഞ് വച്ച് ഫോട്ടോ എടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. മഠത്തിൽ രാജീവൻ, മഠത്തിൽ മോഹനൻ എന്നിവരാണ് ഉപദ്രവിച്ചതെന്ന് ജിഷ്മ പറഞ്ഞു. തനിക്ക് നേരിട്ട ദുരനുഭവം ചോദിക്കാനെത്തിയ ഭർത്താവിനെയും ബന്ധുവിനെയും തെറി വിളിക്കുകയും ചെയ്‌തെന്നും തന്റെ വസ്ത്രങ്ങൾ വലിച്ച് കീറി നഗ്നയാക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്‌തെന്നും യുവതി പരാതിയിൽ ആരോപിക്കുന്നു.


'ആദിവാസികളെക്കൊണ്ട് ഒരു രക്ഷയുമില്ലല്ലോ, നിങ്ങളെക്കൊണ്ട് ഞങ്ങൾക്കിവിടെ ജീവിക്കാനാവുന്നില്ലല്ലോ എന്നൊക്കെ പറഞ്ഞു. അവരുടെ തേങ്ങ കളവുപോയെന്നാണ് അവർ പറയുന്നത്. ഞാൻ എടുത്തിട്ടില്ലെന്നു പറഞ്ഞതാണ്. അപ്പോഴേക്കും കുറേപേരുകൂടി. റോഡിലൂടെ വലിച്ചിഴച്ചു. ഭർത്താവിന്റെ പേരിൽ കേസുകൊടുക്കുമെന്ന് പറഞ്ഞു', ജിഷ്മ പറയുന്നു. ആരൊക്കെയാണ് ആക്രമിച്ചതെന്നതടക്കം പൊലീസിൽ പരാതി നൽകിയതാണെന്നും അവർക്കെതിരെ നടപടി ഉണ്ടായിട്ടില്ലെന്നും യുവതി പറയുന്നു.


കഴിഞ്ഞ മാസം ജൂലൈ പന്ത്രണ്ടിനാണ് കേസിന് ആസ്പദമായ സംഭവം. പരാതി തൊട്ടിൽപ്പാലം പൊലീസ് സ്റ്റേഷനിൽ നൽകിയെങ്കിലും രണ്ട് ദിവസം കഴിഞ്ഞ് കേസെടുത്ത ശേഷം പരാതി പിൻവലിപ്പിച്ചെന്നും യുവതി ആരോപിക്കുന്നുണ്ട് .







Minister OR Kelu seeks urgent report on complaint of woman stripped naked and beaten at Thottilppalam

Next TV

Top Stories










News Roundup






//Truevisionall