കുറ്റ്യാടി: (kuttiadi.truevisionnews.com) കുറ്റ്യാടിയിൽ ട്രാക്ക് തെറ്റിച്ചു കയറിയ ബസിനെ ട്രാക്കിൽ തിരിച്ചു കയറ്റി കുറ്റ്യാടി പൊലീസ്. ഇന്ന് വൈകീട്ട് നാലരയോടെയാണ് സംഭവം. കുറ്റ്യാടി വയനാട് റോഡിൽ തൊട്ടിൽപാലത്തുനിന്ന് എത്തിയ റീഗൽ എന്ന സ്വകാര്യ ബസ് ആണ് ട്രാക്ക് തെറ്റിച്ച് ഗതാഗത തടസം സൃഷ്ടിച്ചത്. ഉടൻതന്നെ സ്ഥലത്തെത്തിയ കുറ്റ്യാടി പൊലീസ് ഡ്രൈവർക്ക് താക്കീത് നൽകി ബസ് ശരിയായ ട്രാക്കിലേക്ക് കയറ്റി.
ബസുകളും ഓട്ടോയും ട്രാക്ക് തെറ്റിച്ച് ഗതാഗത തടസം സൃഷ്ടിക്കുന്നത് പതിവു കാഴ്ചയാണ്. കുറ്റ്യാടിയിൽ സ്വകാര്യ ബസുകളുടെ അമിതവേഗതയും അപകടങ്ങളും ദിനംപ്രതി വർധിച്ച് വരുന്നതിനിടെയാണ് ഇത്തരത്തിൽ ഒരു സംഭവം കൂടെ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.


അതേസമയം കഴിഞ്ഞ മാസം പെരിങ്ങത്തൂരിൽ സ്വകാര്യബിസിന്റെ കണ്ടക്ടറെ മർദ്ദിച്ച സംഭവത്തിൽ ഒരാൾ കൂടി ഇന്ന് പിടിയിലായിരുന്നു. കക്കട്ട് തിനൂർ സ്വദേശി സിജേഷി (34)നെയാണ് ചൊക്ലി പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ മൂന്നുപേർ പിടിയിലായി. ജൂലായ് 28-നായിരുന്നു തൊട്ടിൽപാലം-തലശ്ശേരി റൂട്ടിൽ ഓടുന്ന ജഗന്നാഥ് ബസിലെ കണ്ടക്ടർ ഇരിങ്ങണ്ണൂർ സ്വദേശി വിഷ്ണുവിന് മർദ്ദനമേറ്റത്. തുടർന്ന് നാലുദിവസം ബസ് ജീവനക്കാർ പണിമുടക്കിയിരുന്നു.
നടുവണ്ണൂരിലെ പാറയുള്ളപറമ്പത്ത് വിനീഷ് (37), നാദാപുരം വാണിമേൽ കൊടിയൂറ സ്വദേശി കെ.പി.സൂരജ് (30) എന്നിവരായിരുന്നു നേരത്തെ അറസ്റ്റിലായത് . പാസിനെ ചൊല്ലി വിദ്യാർത്ഥിനിയെ ബസിൽ നിന്നും ഇറക്കിവിട്ടെന്നാരോപിച്ചായിരുന്നു തർക്കം. തുടർന്ന് ബസിലെത്തിയ ഏഴംഗ അക്രമി സംഘമാണ് ബസ് കണ്ടക്ടറെ ക്രൂരമായി മർദ്ദിച്ചത്. ബസിൽ വച്ച് തന്നെ അപായപ്പെടുത്താൻ ശ്രമിച്ചു എന്ന് ഏഴംഗ സംഘത്തിന്‍റെ ക്രൂരമർദ്ദനമേറ്റ ബസ് കണ്ടക്ടർ വിഷ്ണു പറഞ്ഞു.
ബസ് പാസ് മാത്രമാണ് വിദ്യാർത്ഥിനിയോട് ചോദിച്ചതെന്നും പാസ് ഇല്ലാതിരുന്നിട്ടും കൺസഷൻ അനുവദിച്ചുവെന്നും വിഷ്ണു പറഞ്ഞു. പ്രതികൾ ഇന്നോവ കാറിൽ പിന്തുടർന്നെത്തിയാണ് ബസിൽ കയറിയത്. തുടർന്ന് ഇടിവളയും വാഹനത്തിന്റെ താക്കോലും ഉപയോഗിച്ച് തലയ്ക്കും മൂക്കിനും ഇടിച്ചു.
ബസ്സിലെ യാത്രക്കാർ കരഞ്ഞു പറഞ്ഞിട്ടും അക്രമികൾ വെറുതെ വിട്ടില്ല. പ്രതികൾക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും വിഷ്ണു വ്യക്തമാക്കി. അതേസമയം വിദ്യാർഥിനിയും സുഹൃത്തുക്കളും ബസ്സിൽ നിന്ന് ഇറങ്ങുന്ന ദൃശ്യങ്ങളും ബസ് ജീവനക്കാർ പുറത്ത് വിട്ടിരുന്നു.
Police put private bus back on track after it went off track in Kuttiyadi