വട്ടോളി: സംസ്ഥാന സ്‌കൂൾ കായിക മേളയിൽ ചെസിൽ വട്ടോളി എൻഎച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാർഥിനി അൻവിത ആർ. പ്രവീണിന് സ്വർണം.
അച്ഛൻ വടകര കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പ്രവീണിന്റെ ശിക്ഷണമാണ് മകളുടെ ഈ കുതിപ്പിനു പിന്നിൽ.
എറണാകുളത്ത് നടന്ന സ്‌കൂൾ കായിക മേളയിൽ അൻവിത ആർ. പ്രവീണിന്റെ ഓരോ കരുനീക്കവും സ്വർണത്തിലേക്കുള്ള ചുവട് വെപ്പായി.
ഈ നേട്ടം ജനുവരി 21 മുതൽ 24 വരെ മഹാരാഷ്ട്രയിൽ നടക്കുന്ന ദേശീയ സ്‌കൂൾ സബ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ കേരളത്തിനു വേണ്ടി കളിക്കാനുള്ള അവസരമായി.
കഴിഞ്ഞ വർഷം തമിഴ്‌നാട്ടിലെ വെല്ലൂരിൽ നടന്ന ദേശീയ സ്‌കൂൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി കരുക്കൾ നീക്കിയിട്ടുണ്ട്.
ഈ മാസം മൂന്ന് മുതൽ 11 വരെ തമിഴ്‌നാട്ടിലെ ഹൊസൂരിൽ നടന്ന 40-ാമത് നേഷണൽ സബ് ജൂനിയർ ഗേൾസ് ചെസിൽ കേരളത്തെ പ്രതിനിധീകരിച്ച് മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.
ഈ വർഷം തന്നെ ഇന്റർനാഷണൽ ഫിഡെ റാങ്കിങ്ങിൽ 1661 റേറ്റിങ്ങോടെ വേൾഡ് റാങ്കിങ്ങിൽ ഇടം നേടാനും അൻവിത ആർ.പ്രവീണിന് കഴിഞ്ഞിട്ടുണ്ട്.
മൊകേരി കടത്തനാടൻകല്ല് സ്വദേശി പ്രവീണിന്റേയും റീഷ്ടയുടേയും മകളാണ് ഈ മിടുക്കി. അച്ഛൻ പ്രവീൺ ചെസിൽ ഫിദേ റേറ്റിംഗ് പ്ലെയറാണ്.
#state #school #sports #winner #goldmedal