കുറ്റ്യാടി: (kuttiadi.truevisionnews.com/) മുൻവർഷങ്ങളിൽ മെച്ചപ്പെട്ട വില ലഭിച്ചിരുന്ന തേങ്ങയ്ക്ക് വിപണിയിൽ വൻ വിലയിടിവ്. ഉൽപാദനം കൂടിയ സീസണിൽ വില കുത്തനെ താഴുന്നത് നാളികേര കർഷകരെ കടുത്ത ഉത്കണ്ഠയിലാക്കുകയാണ്. വർഷാരംഭത്തിൽ പച്ചത്തേങ്ങയ്ക്ക് കിലോയ്ക്ക് 75 രൂപ വരെ ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ വില 46 രൂപയിലേക്ക് താഴ്ന്നു. കഴിഞ്ഞ ആഴ്ചയും 50 രൂപ ലഭിച്ചിരുന്നിടത്താണ് ഈ ഇടിവ്.
കേരളത്തിൽ നിന്നുള്ള തേങ്ങ പ്രധാനമായും തമിഴ്‌നാട്ടിലേക്കാണ് കയറ്റി അയക്കുന്നത്. തമിഴ്‌നാട്ടിലെ ഉൽപാദനം മുൻവർഷത്തെ അപേക്ഷിച്ച് വർധിച്ചതാണ് കേരളത്തിലെ തേങ്ങയുടെ ഡിമാൻഡ് കുറയാൻ കാരണമായി പറയുന്നത്. തമിഴ് ലോബിയാണ് വിപണിയിലെ വില നിയന്ത്രിക്കുന്നതെന്ന് കർഷകർ ആരോപിക്കുന്നു. വെളിച്ചെണ്ണയുടെ വിലയും വിപണിയിൽ കുത്തനെ ഇടിയുകയാണ്. കിലോയ്ക്ക് 400 രൂപയോളം ഉണ്ടായിരുന്ന വെളിച്ചെണ്ണ വില ഇപ്പോൾ 265 രൂപയിലേക്ക് താഴ്ന്നതായി വ്യാപാരികൾ വ്യക്തമാക്കുന്നു.
വേനലിൽ തേങ്ങ വേഗം കൊപ്രയാക്കാൻ കഴിയുന്നതും മാർക്കറ്റി കൊപ്ര വരവ് കൂടുന്നതുമാണ് വെളിച്ചെണ്ണക്ക് വില കുറയാൻ കാരണമായി പറയുന്നത്. തേങ്ങ വിലയിടിയുന്നതും മുഖ്യ കാരണമാണ്. തേങ്ങ പറിക്കാനുള്ള ചെലവ് വൻതോതിൽ ഉയരുമ്പോഴാണ് വിലിയിടിയുന്നത്. നാട്ടുകാരായ തേങ്ങപറിക്കാർ 10 ശതമാനം കൂലി കൂട്ടിയിട്ടുണ്ട്. 1000 രൂപ കൂലി വാങ്ങിയവർ 1100 രൂപയാക്കി. ഹെൽപ്പർമാരുടെ കൂലി 900 രൂപയിൽ നിന്ന് 1000 രൂപയാക്കി വർധിപ്പിച്ചു. മെഷീൻ ഉപയോഗിക്കുന്ന അന്തർ സംസ്ഥാന തൊഴിലാളികളാണ് ഇപ്പോൾ ഏറെയും തെങ്ങ് കയറുന്നത്. കൂലി തെങ്ങൊന്നിന് അമ്പതും അമ്പത്തഞ്ചുമായി ഉയർത്തി. തേങ്ങ ഉരിക്കൂലിയം വർധിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ തേങ്ങ വിറ്റാൽ കൂലിച്ചെലവ് കഴിച്ച് കർഷകർക്ക് കിടുന്നത് തുച്‌ഛമായ തുക.
Content Highlight: Huge drop in prices of coconut and coconut oil; wage hike a double blow to farmers















































