Apr 10, 2026 12:19 PM

കുറ്റ്യാടി: (https://kuttiadi.truevisionnews.com/) ജനാധിപത്യത്തിന് കരുത്തുപകർന്ന് സമ്മതിദാന അവകാശം വിനിയോഗിച്ച് നാട്. കുറ്റ്യാടി മണ്ഡലത്തിൽ ഇത്തവണ 79.98 ശതമാനം വോട്ട് രേഖപ്പെടുത്തി. വോട്ടെടുപ്പ് ആരംഭിച്ചതുമുതൽ മിക്ക പോളിങ് ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയായിരുന്നു അനുഭവപ്പെട്ടത്. ചില ബൂത്തുകളിൽ വോട്ടിങ് യന്ത്രങ്ങൾ തകരാറിലായത് ഉദ്യോഗസ്ഥരെയും ഏജന്റുമാരെയും അല്പസമയം കുഴപ്പിച്ചെങ്കിലും പ്രശ്നങ്ങൾ പരിഹരിച്ച് വോട്ടെടുപ്പ് ഊർജ്ജിതമായി തുടർന്നു.

മിക്കയിടങ്ങളിലും ഉച്ചയോടെ തന്നെ പോളിങ് 50 ശതമാനത്തിനടുത്തെത്തി. വോട്ടർമാരിൽ സ്ത്രീകളുടെ വലിയ പ്രാതിനിധ്യമാണ് ദൃശ്യമായത്. സ്ഥാനാർഥികളെല്ലാം അതിരാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയ ശേഷം വിവിധ ബൂത്തുകൾ സന്ദർശിക്കുന്ന തിരക്കിലായിരുന്നു. അഞ്ച് ബൂത്തുകളുള്ള അരൂർ യു.പി സ്കൂളിൽ എട്ടരയോടെ തന്നെ വലിയ തിരക്ക് അനുഭവപ്പെട്ടു. സുരക്ഷയ്ക്കായി കേന്ദ്രസേനയും പോലീസും സജീവമായി രംഗത്തുണ്ടായിരുന്നു.

ഇത്തവണത്തെ ബൂത്തുകളെല്ലാം പൂർണ്ണമായും ഹരിതചട്ടം പാലിച്ചാണ് സജ്ജീകരിച്ചത്. ഹരിതകർമ സേനാംഗങ്ങളുടെ സേവനവും ബൂത്തുകളിൽ ലഭ്യമായിരുന്നു. ശാരീരിക പരിമിതികളുള്ളവർക്കും വയോധികർക്കും വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിരുന്നു. എന്നാൽ, ഗൾഫ് മേഖലയിലെ യുദ്ധ പശ്ചാത്തലത്തിൽ പ്രവാസി വോട്ടർമാരുടെ എണ്ണത്തിൽ ഇത്തവണ വലിയ ഇടിവുണ്ടായിട്ടുണ്ട്.

Voting in Kuttiadi: 79.98 percent voters decide the outcome

Next TV

Top Stories










GCC News