വാഷിങ്ങ്ടൺ: (truevisionnews.com) ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധങ്ങളെയും കുറിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ പരാമർശങ്ങൾ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധനേടുന്നു.
മോദി ഒരു മാന്യനാണെന്ന് വിശേഷിപ്പിച്ച ട്രംപ്, എന്നാൽ വ്യാപാര കാര്യങ്ങളിൽ ഇന്ത്യ ഇക്കാലമത്രയും അമേരിക്കയെ തന്ത്രപരമായി കബളിപ്പിക്കുകയായിരുന്നുവെന്ന് അവകാശപ്പെട്ടു. പുതിയ വ്യാപാരക്കരാറിലൂടെ ഈ സാഹചര്യം താൻ തിരുത്തിയെന്നും ഇപ്പോൾ അമേരിക്കയ്ക്ക് അനുകൂലമായ രീതിയിൽ നീതി നടപ്പിലായെന്നും അദ്ദേഹം വാഷിംഗ്ടണിൽ വ്യക്തമാക്കി.
ഇന്ത്യയുടെ നികുതി നയങ്ങളിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ചും ട്രംപ് വിശദീകരിച്ചു. മുൻപ് അമേരിക്കയ്ക്ക് മേൽ ഇന്ത്യ വലിയ തോതിൽ തീരുവ ചുമത്തിയിരുന്ന സാഹചര്യം ഇപ്പോൾ മാറിയെന്നും, പുതിയ കരാർ പ്രകാരം ഇന്ത്യയ്ക്ക് തീരുവ ബാധകമാകുമെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയുമായുള്ള എണ്ണ വ്യാപാരത്തിൽ നിന്ന് ഇന്ത്യ പിന്മാറിയത് തന്റെ ഇടപെടൽ മൂലമാണെന്നും, യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. കൂടാതെ, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധസാഹചര്യം ഒഴിവാക്കിയത് താനാണെന്ന മുൻ അവകാശവാദവും ട്രംപ് ആവർത്തിച്ചു.


തീരുവ 200 ശതമാനമായി വർധിപ്പിക്കുമെന്ന മുന്നറിയിപ്പ് നൽകിയാണ് ഇരുരാജ്യങ്ങളെയും യുദ്ധത്തിൽ നിന്ന് പിന്തിരിപ്പിച്ചതെന്നും, ഇതിലൂടെ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചതായി പാകിസ്ഥാൻ പ്രധാനമന്ത്രി തന്നെ സാക്ഷ്യപ്പെടുത്തിയതായും ട്രംപ് അവകാശപ്പെട്ടു.
Trump makes new revelation
















































