കുറ്റ്യാടി: (https://kuttiadi.truevisionnews.com/) കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ കുടിവെള്ളക്ഷാമം ഏറെ നേരിടുന്ന ഒരു പ്രദേശമാണ് മാവുള്ളചാൽ. വളരെക്കാലമായി കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന ഈ പ്രദേശത്തെ നിവാസികളുടെ നിരന്തരമായ ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് 2012 -13 കാലത്ത് അന്നത്തെ വടകര എംപിയും കേന്ദ്രമന്ത്രിയുമായിരുന്ന ശ്രീ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ആരംഭിച്ച മാവുള്ളചാൽ കുടിവെള്ള പദ്ധതി.
പ്രസ്തുത പദ്ധതിക്ക് കിണർ കുഴിക്കുന്ന സ്ഥലം തന്റെ പിതാവിന്റെ ഓർമ്മയ്ക്കായി കിണറ്റും കണ്ടി അമ്മദ് എന്ന വ്യക്തിയും, ടാങ്ക് സ്ഥാപിക്കാനുള്ള സ്ഥലം മാവുള്ള ചാലിൽ മാതു എന്ന വ്യക്തി തന്റെ ഭർത്താവിന്റെ സ്മരണക്കായും പഞ്ചായത്തിന് വിട്ടു നൽകിയതാണ്. ചിട്ടിയിൽ താഴെ വയലിലാണ് കുടിവെള്ള പദ്ധതിക്ക് വേണ്ടി കിണർ കുഴിച്ചത്. എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് വിഹിതവും, ഗ്രാമപഞ്ചായത്ത് വിഹിതവും അടക്കം ഏകദേശം 25 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് 2012 -13 കാലഘട്ടത്തിൽ ഈ പദ്ധതി യാഥാർത്ഥ്യമായത്. അന്നത്തെ കേന്ദ്ര മന്ത്രി ശ്രീ മുല്ലപ്പള്ളി രാമചന്ദ്രൻ ആണ് ഈ പദ്ധതി ഉദ്ഘാടനം ചെയ്തത്. ഇതോടെ മാവുള്ള ചാൽ പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാവുകയും ചെയ്തു.
എന്നാൽ അന്നത്തെ ഭരണസമിതി മാറിയതോടെ ഈ പദ്ധതിയോട് പിന്നീട് വന്ന ഭരണസമിതി പദ്ധതിയെ അട്ടിമറിക്കാൻ ആണ് ശ്രമം നടത്തിയത്. കുടിവെള്ള ഗുണഭോക്തൃ സമിതി കാര്യക്ഷമായി പ്രവർത്തിപ്പിക്കാനോ, വൈദ്യുതചാർജ് കൃത്യമായി അടപ്പിക്കുവാനോ ഉള്ള ഒരു ശ്രമം ഭരണസമിതിയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. പിന്നീട് വേനൽക്കാലത്ത് വെള്ളത്തിന് നിറവ്യത്യാസം ഉണ്ടായി എന്ന കാരണം പറഞ്ഞു വെള്ളം കുടിക്കാനോ കുളിക്കാനോ ഉപയോഗിക്കാൻ പറ്റില്ല എന്ന വാദവുമായി പദ്ധതി ഉപേക്ഷിക്കാൻ ഭരണസമിതി ശ്രമിച്ചു. കുടിവെള്ള പദ്ധതിക്കായി കിണർ കുഴിച്ച സ്ഥലം പോലും കിണറിന് അനുയോജ്യമായുള്ള സ്ഥലമല്ല, അവിടെ ശുദ്ധമായ ജലം ലഭിക്കില്ല എന്ന വിചിത്ര വാദവും പദ്ധതി ആരംഭിക്കും മുമ്പേ തന്നെ ഞങ്ങൾ പറഞ്ഞിരുന്നു എന്ന വാദവും ഇപ്പോൾ നിരത്തുന്നു. തികച്ചും രാഷ്ട്രീയപ്രേരിതമായ ശ്രമത്തിന്റെ ഭാഗമായാണ് ഇത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ഈ കുടിവെള്ള പദ്ധതി രാഷ്ട്രീയ വിഷയമായി വന്നപ്പോൾ അന്നത്തെ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും ഇപ്പോഴത്തെ പ്രസിഡന്റുമായ ടി കെ മോഹൻദാസ്, അന്നത്തെ മാവുള്ള ചാലിലെ പഞ്ചായത്ത് മെമ്പറുമായ സുമിത്ര എന്നിവരൊക്കെ ഈ പദ്ധതി പ്രകാരമുള്ള വെള്ളം കുടിവെള്ള യോഗ്യമല്ലെന്നും, കുടിക്കാനോ കുളിക്കുവാനോ പറ്റില്ല എന്ന് വാദവുമായി പദ്ധതി പഞ്ചായത്ത് ഭരണസമിതി ഉപേക്ഷിച്ചതാണെന്ന് പ്രസ്താവിക്കുകയുണ്ടായി. ആയതിനാൽ മറ്റൊരു കുടിവെള്ള പദ്ധതിക്ക് പഞ്ചായത്ത് ഫണ്ട് കണ്ടെത്തുകയാണെന്നും അതിന് പഞ്ചായത്ത് ഫണ്ട് വെച്ചിട്ടുണ്ട് എന്നും പറയുകയുണ്ടായി.
എന്നാൽ മറ്റൊരു കുടിവെള്ള പദ്ധതിയെക്കുറിച്ച് ഭരണസമിതി തീരുമാനിച്ചിട്ടില്ല എന്നും, അതിനു ഫണ്ട് നീക്കി വെച്ചിട്ടില്ല എന്നും, ഇപ്പോഴത്തെ കുടിവെള്ള പദ്ധതി ഉപേക്ഷിച്ചിട്ടില്ല എന്നും, കുടിവെള്ള ഗുണനിലവാരം ഇതുവരെയും പരിശോധിച്ചിട്ടില്ല എന്നുമാണ് പഞ്ചായത് നൽകിയ വിവരാവകാശ രേഖയിൽ പറയുന്നത്. ഇത്രയും ലക്ഷം മുടക്കിയ ഒരു പദ്ധതിയോട് ഒരു പഞ്ചായത്ത് ഭരണസമിതി തികച്ചും അലംഭാവപൂർണമായ സമീപനമാണ് കാണിക്കുന്നത്. ഈ പദ്ധതി പ്രകാരമുള്ള വെള്ളം കുടിക്കാനോ കുളിക്കാനോ ഉപയോഗിക്കാൻ പറ്റില്ല എന്ന് പറയുന്ന ഉത്തരവാദപ്പെട്ട ജനപ്രതിനിധികൾ അതിന്റെ ഗുണനിലവാരം പരിശോധിക്കുവാൻ പോലും തയ്യാറായില്ല എന്നത് ഏറെ അത്ഭുതപ്പെടുത്തുന്നു.


എന്നാൽ ജലത്തിന്റെ ഗുണനിലവാരം അവിടുത്തെ പ്രദേശവാസികളിൽ ചിലർ പരിശോധിപ്പിക്കുകയുണ്ടായി. അപ്പോൾ കിട്ടിയ റിസൾട്ട് ഇത്രയും ശുദ്ധമായ ജലം ലഭിക്കുക പ്രയാസകരമാണ് എന്നതാണ്. എന്നാൽ ഇതിന് ആധികാരികത ഉറപ്പാക്കാൻ വേണ്ടി ജനങ്ങളുടെ ആവശ്യപ്രകാരം കുറ്റ്യാടി ആരോഗ്യവകുപ്പിനോട് നിർദ്ദേശിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ അവർ ജലത്തിന്റെ ഗുണനിലവാരം പരിശോധിച്ചപ്പോൾ അതേ റിസൾട്ട് തന്നെ ലഭിക്കുകയും ചെയ്തു. ഇപ്പോൾ ഈകോളിൻ ബാക്ടീരിയയും, കോളിഫോം ബാക്ടീരിയയുടെയും സാന്നിധ്യം ഇല്ലാത്ത കിണർജലം അപൂർവ്വമാണ്.
വീടുകളിലെ കിണറിൽ പോലും ഇത്തരം ബാക്ടീരിയയുടെ സാന്നിധ്യം കാണുമ്പോൾ ഈ പദ്ധതി പ്രകാരം കുഴിച്ച കിണർ ജലത്തിന് അതിന്റെ ഒരംശം പോലും ഇല്ല എന്ന റിസൾട്ട് ആണ് ലഭിച്ചത്. ഒപ്പം തന്നെ ഒരു കുടിവെള്ള ത്തിന്നു എത്ര ശുദ്ധത വേണമോ അത്രയും 100% യാഥാർത്ഥ്യമായ കുടിവെള്ളമാണ് ഈ പദ്ധതി പ്രകാരം കുഴിച്ച കിണറിലെ ജലത്തിനുള്ളത്. ഇത്രയും ശുദ്ധതയുള്ള കുടിവെള്ള പദ്ധതി ഉപേക്ഷിക്കാൻ പഞ്ചായത്ത് ശ്രമിക്കുന്നത് എന്തിനാണ് എന്ന് ചോദ്യമാണ് കോൺഗ്രസ് ചോദിക്കുന്നത്. ഇനി അഥവാ കിണർ ജലത്തിന് കലക്ക് ഭീഷണിയാണ് ഉണ്ടായത് എങ്കിൽ അത് പരിഹരിക്കാനുള്ള മാർഗ്ഗമല്ലേ പഞ്ചായത്ത് ഭരണസമിതി സ്വീകരിക്കേണ്ടത്. അതൊന്നും ചെയ്യാതെ തികച്ചും രാഷ്ട്രീയപ്രേരീതമായ ഒരു ശ്രമമാണ് പഞ്ചായത്ത് ഭരണസമിതി നടത്തുന്നത്. ഈ പദ്ധതി കൊണ്ടുവന്നത് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് കൊണ്ട് ആയതിനാലാണ് ഇത്രയും കാര്യക്ഷമമായ ഒരു കുടിവെള്ള പദ്ധതി തകർക്കാൻ പഞ്ചായത്ത് ഭരണസമിതി നടത്തുന്നത്. ഈ പദ്ധതി പ്രവർത്തിപ്പിക്കാത്തത് ഗുണഭോക്താക്കൾ ഇലക്ട്രിസിറ്റി ചാർജ് കുടിശ്ശികയാക്കിയതിനാലാണ് എന്നാണ് വിവരാവകാശ രേഖയിൽ പറയുന്നത്. ആയതിനാൽ കുടിശ്ശികയായി കിടക്കുന്ന വൈദ്യുത ബില്ല് അടച്ചാൽ ഈ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ കഴിയും. ഇത്രയും നല്ല ഒരു കുടിവെള്ളം കിട്ടുന്ന കുടിവെള്ള പദ്ധതി ഉപേക്ഷിച്ച് മറ്റൊരു പദ്ധതിയെക്കുറിച്ച് ആലോചിച്ച് ജനങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കാത്ത രീതിയിൽ നാടിനെ ദുരിതത്തിൽ എത്തിക്കുന്ന കുറ്റ്യാടി പഞ്ചായത്ത് ഭരണസമിതിയുടെ പ്രവർത്തനത്തിൽ കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിക്കുകയാണ്. എത്രയും പെട്ടെന്ന് ഈ പദ്ധതി പുനരുജ്ജീവിപ്പിച്ച് മാവുള്ള ചാലിൽ പ്രദേശത്തെ ജനങ്ങളുടെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കാൻ ഭരണസമിതി തയ്യാറാകണമെന്നും അല്ലാത്തപക്ഷം കോൺഗ്രസ് ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും മണ്ഡലം കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചു.
Drinking water project in Mavulla Chaal should be revived - Congress








































