കുറ്റ്യാടി: (https://kuttiadi.truevisionnews.com) കായക്കൊടി കൂട്ടൂർ വാർഡിലെ കാവിൽ പ്രദേശത്തെ കൊച്ചു ഫുട്ബോൾ പ്രേമികൾക്ക് ഇന്നലെ ആവേശം നിറഞ്ഞ ദിനമായിരുന്നു. തിരഞ്ഞെടുപ്പ് കാലത്ത് തങ്ങൾ ചോദിച്ച ഒരു ചെറിയ ചോദ്യത്തിന്, സ്നേഹപൂർവ്വം മറുപടി നൽകി വാക്കുപാലിച്ചിരിക്കുകയാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.വി. ബിന്ദു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് കളിക്കളത്തിൽ പന്തുതട്ടുകയായിരുന്ന കുട്ടികൾ 'ജയിച്ചാൽ ഞങ്ങൾക്ക് ഒരു ഫുട്ബോൾ വാങ്ങിത്തരുമോ' എന്ന് അന്നത്തെ യു.ഡി.എഫ് സ്ഥാനാർത്ഥിയായ യു.വി. ബിന്ദുവിനോട് ചോദിച്ചത്. കുട്ടികളുടെ ആ നിഷ്കളങ്കമായ ചോദ്യം ഏറ്റെടുത്ത ബിന്ദു, വിജയിച്ചാൽ പന്ത് നൽകാമെന്ന് അന്നേ ഉറപ്പുനൽകിയിരുന്നു. താൻ നൽകിയ ആ വാക്ക് പ്രസിഡന്റായതിനു പിന്നാലെ ഇപ്പോൾ പാലിച്ചിരിക്കുകയാണ്. ഫുട്ബോൾ ഏറ്റുവാങ്ങിയ കുട്ടികൾ തങ്ങളുടെ പ്രിയപ്പെട്ട പ്രതിനിധിക്കൊപ്പം കളിക്കളത്തിൽ സന്തോഷം പങ്കിട്ടു.
ഫലപ്രഖ്യാപനത്തിന് പിന്നാലെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച് ഗ്രാമ പഞ്ചായത്ത് പ്ര സിഡന്റായതോടെ, കുട്ടികൾക്ക് ഫുട്ബോൾ കൈമാ റി വാഗ്ദാനം നിറവേറ്റി. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് അംഗം സക്കീന എൻ.എൻ, കെ.വി.കണാരൻ, ബേബി മാസ്റ്റർ, ജസീർ യു.വി, സാബിത്ത് യു.വി, വിമൽ യു.വി, ഷഹബാസ് കെ.എസ്, ജാസിം കെ.എസ് എന്നിവർ സംബന്ധിച്ചു.
President keeps his word; Kavu children can now play with new balls















































