കാവിലുംപാറ :(https://kuttiadi.truevisionnews.com/) ഇന്ത്യൻ നാഷണൽ ലീഗ് ഐ.എൻ.എൽ കാവിലുംപാറ പഞ്ചായത്ത് ജനറൽ സെക്രട്ടറി ഒ.കെ. പൂക്കാട് അബ്ദുറഹിമാന്റെ വീട്ടിൽ അതിക്രമിച്ചു കയറി വധഭീഷണി മുഴക്കിയ സംഭവത്തിൽ ഐ.എൻ.എൽ നാദാപുരം മണ്ഡലം കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ജനാധിപത്യപരമായ രാഷ്ട്രീയ പ്രവർത്തനങ്ങളെ ഭീഷണിയിലൂടെയും ഗുണ്ടായിസത്തിലൂടെയും നേരിടാനുള്ള ശ്രമം അങ്ങേയറ്റം അപലപനീയമാണെന്ന് കമ്മിറ്റി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം രാത്രിയിലാണ് രാഷ്ട്രീയ വൈരാഗ്യം വെച്ച് ഒരു സംഘം അക്രമികൾ ഒ.കെ. പൂക്കാട് അബ്ദുറഹിമാന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയത്. കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുകയും അബ്ദുറഹിമാനെ വധിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തതായി ഐ.എൻ.എൽ നേതൃത്വം ആരോപിച്ചു. ഫാസിസ്റ്റ് രീതിയിലുള്ള രാഷ്ട്രീയ പ്രവർത്തനമാണിതെന്നും ഇവർ കൂട്ടിച്ചേർത്തു.
ഒരു പൊതുപ്രവർത്തകന് സ്വന്തം വീട്ടിൽ പോലും സമാധാനപരമായി കഴിയാൻ സാധിക്കാത്ത അവസ്ഥ നാട്ടിൽ ഭീതി പരത്തുകയാണെന്ന് ഐ.എൻ.എൽ പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ എതിരാളികളെ കായികമായി നേരിടാമെന്ന ധാരണ അക്രമികൾ തിരുത്തണമെന്നും നേതൃത്വം ആവശ്യപ്പെട്ടു.
നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന ഈ പ്രവൃത്തികൾക്കെതിരെ സമുചിതവും ശക്തവുമായ നിയമനടപടി സ്വീകരിക്കാൻ തൊട്ടിൽപ്പാലം പോലീസ് ഉടൻ തയ്യാറാകണം. കൂടാതെ, ഒ.കെ. പൂക്കാട് അബ്ദുറഹിമാന്റെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്താൻ അധികൃതർ അടിയന്തിരമായി ഇടപെടണമെന്നും ഐ.എൻ.എൽനാദാപുരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കും മറുപടി പറയേണ്ടത് ജനാധിപത്യപരമായ രീതിയിലാണെന്ന് ഓർമ്മിപ്പിച്ച കമ്മിറ്റി, ഭീഷണിയും അക്രമവും കൊണ്ട്- ഐ.എൻ.എൽ ന്റെ രാഷ്ട്രീയ പ്രവർത്തനങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്നും മുന്നറിയിപ്പ് നൽകി.
Attack on INL leader's house

















































