കുറ്റ്യാടി: പൊതുമരാമത്ത് വകുപ്പ് കീഴിൽ വരുന്ന മുപ്പതിനായിരം കിലോമീറ്റർ റോഡുകളിൽ പതിനയ്യായിരം കിലോമീറ്റർ റോഡുകൾ ബി എം ആൻഡ് ബി സി നിലവാരത്തിലുള്ളതാക്കി മാറ്റിയതായി പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. നാദാപുരം നിയോജക മണ്ഡലത്തിലെ ചാപ്പൻതോട്ടം-പൊയിലോംചാൽ- നിരവിൽപുഴ റോഡിൻ്റെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു മന്ത്രി.
സംസ്ഥാനത്തെ ഓരോ നിയോജക മണ്ഡലത്തിലും റോഡുകളുടെ നിർമ്മാണം നേരിട്ട് പരിശോധിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിൽ രൂപീകരിച്ച സമിതി ഓരോ മാസവും റോഡ് നിർമ്മാണ പ്രവർത്തി വിലയിരുത്തുന്നുണ്ട്. ഇത്തരം ഇടപെടലുകളിലൂടെയാണ് സംസ്ഥാനത്തെ റോഡുകൾ ഇത്രയധികം മെച്ചപ്പെട്ടതെന്നും മന്ത്രി പറഞ്ഞു.


രണ്ട് കോടി രൂപ ഭരണാനുമതിയോടെയാണ് ചാപ്പൻതോട്ടം-പൊയിലോംചാൽ- നിരവിൽപുഴ റോഡ് നിർമ്മിക്കുന്നത്. ചാപ്പൻതോട്ടം മുതൽ പൊയിലോംചാൽ വരെ 3.80 മീറ്റർ വീതിയിൽ 40 എം എം എം എസ് എസ് പ്രവൃത്തിയും നാല് കലുങ്കുകൾ, അത്യാവശ്യ ഭാഗങ്ങളിൽ ഓവുപാൽ, ഐറിഷ് ബ്രെയിൻ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. റോഡ് സുരക്ഷയുടെ ഭാഗമായി റോഡ് മാർക്കിംഗ്, സൂചനാ ബോർഡുകൾ, സ്റ്റഡ്ഡുകൾ എന്നീ സംവിധാനങ്ങളും ഒരുക്കും.
ചടങ്ങിൽ ഇ കെ വിജയൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കാവിലുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി ജി ജോർജ് മാസ്റ്റർ, കാവിലുംപാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അന്നമ്മ ജോർജ്, കാവിലുംപാറ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമേശൻ മണലിൽ, ക്ഷേമകാര്യ സ്റ്റാന്റ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സാലി സജി, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗീത രാജൻ, ഫാ. ജോസഫ് പൂതക്കുഴി, സൂപ്രണ്ടിംഗ് എഞ്ചിനീയർ പി കെ മിനി, എക്സിക്യൂട്ടീവ് എഞ്ചിനീയർ വി കെ ഹാഷിം, അസി.എഞ്ചിനീയർ നളിൻ കുമാർ, ഉദ്യോഗസ്ഥർ, രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
15,000 km of PWD roads brought up to BMBC standards - Minister Muhammad Riyaz