കുറ്റ്യാടി: വികസനത്തിലെ മാതൃകാ പദ്ധതികള്‍ അവതരിപ്പിച്ച് മരുതോങ്കര ഗ്രാമപഞ്ചായത്ത് വികസന സദസ്സ്. മരുതോങ്കര സാംസ്‌കാരിക നിലയത്തില്‍ നടന്ന പരിപാടി ഇ കെ വിജയന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സജിത്ത് അധ്യക്ഷനായി.
സംസ്ഥാന സര്‍ക്കാറിന്റെയും ഗ്രാമപഞ്ചായത്തിന്റെയും ഭരണ നേട്ടങ്ങളുടെ അവതരണം, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ വീഡിയോ സന്ദേശം പ്രദര്‍ശനം, ചര്‍ച്ച എന്നിവ സദസ്സിന്റെ ഭാഗമായി നടന്നു.
വീടുകള്‍ നിര്‍മിക്കാനും കുടിവെള്ള പദ്ധതിക്ക് ടാങ്ക് നിര്‍മിക്കാനും സ്ഥലം വിട്ടുനല്‍കിയവര്‍, വിവിധ പദ്ധതിക്കള്‍ക്കായി ധനസഹായം നല്‍കിയവര്‍, വിവിധ മേഖലയില്‍ കഴിവ് തെളിയിച്ചവര്‍, പഞ്ചായത്തിലെ ഏറ്റവും പ്രായമായ വ്യക്തി എന്നിവരെ ആദരിച്ചു.
മരുതോങ്കര കനാല്‍ റോഡ് പൂര്‍ണമായും ടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കല്‍, പഞ്ചായത്തില്‍ ആവശ്യമായ ഇടങ്ങളില്‍ തെരുവ് വിളക്ക് സ്ഥാപിക്കല്‍, ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്തല്‍, തെരുവുനായ ശല്യം കുറക്കാന്‍ നടപടി സ്വീകരിക്കല്‍, ഗ്രാമപഞ്ചായത്ത് നല്‍കുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്തല്‍, ലിംഗസമത്വം ഉറപ്പാക്കല്‍, പരാതി പരിഹാര സംവിധാനങ്ങള്‍ മെച്ചപ്പെടുത്തല്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു.
റിസോഴ്‌സ് പേഴ്‌സണ്‍ കെ പ്രകാശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി പി എം പ്രകാശന്‍ വികസന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ഹെഡ് ക്ലാര്‍ക്ക് പി ഗിരീഷ് കുമാര്‍, വൈസ് പ്രസിഡന്റ് ശോഭ അശോകന്‍, സ്ഥിരം സമിതി അധ്യക്ഷരായ സി പി ബാബുരാജ്, റീന, ഡെന്നീസ്, ബ്ലോക്ക്പഞ്ചായത്ത് മെമ്പര്‍ കെ ഒ ദിനേശന്‍ മാസ്റ്റര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സതി, ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പര്‍ രവി, പി ഭാസ്‌കരന്‍, ബാബു മാസ്റ്റര്‍, പി പി ഇന്ദിര, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നടപ്പാക്കുന്നത് ജനകീയ പദ്ധതികള്‍
മികച്ച ഗ്രാമപഞ്ചായത്തിന് ലഭിക്കുന്ന സ്വരാജ് ട്രോഫി മൂന്നുതവണ സ്വന്തമാക്കിയ മരുതോങ്കര ഗ്രാമപഞ്ചായത്ത് ജനകീയ വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട്. തൊഴിലുറപ്പ് പദ്ധതിയില്‍ മികച്ച പഞ്ചായത്തിനുള്ള പുരസ്‌കാരം മൂന്നുതവണ സ്വന്തമാക്കിയ പഞ്ചായത്ത് ജനകീയ പദ്ധതികളിലൂടെയാണ് ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയത്.
2021-25 വരെ 179 ഗുണഭോക്താക്കള്‍ക്ക് ആറ് കോടിയിലധികം രൂപയുടെ വ്യക്തിഗതാനുകൂല്യങ്ങളാണ് നല്‍കിയത്. ലൈഫ് പദ്ധതിയില്‍ 210 കുടുംബങ്ങള്‍ക്ക് വീടൊരുക്കാന്‍ നടപടി സ്വീകരിച്ചു. ഒരു കോടിയിലധികം രൂപ കുടിവെള്ള പദ്ധതികള്‍ക്കായി ചെലവിട്ടു. ഏഴ് കോടി രൂപ ചെലവിട്ട് പഞ്ചായത്ത് പരിധിയിലെ റോഡ് ഗതാഗതം മെച്ചപ്പെടുത്തി.
ഡിജി കേരളം വഴി 5125 പഠിതാക്കള്‍ പരിശീലനം പൂര്‍ത്തിയാക്കി. മാലിന്യ സംസ്‌കരണ മേഖലയില്‍ എംസിഎഫ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ വിവിധ വാര്‍ഡുകളിലായി സജ്ജമാക്കി. പാലിയേറ്റീവ് കെയര്‍ വഴി 380 അംഗങ്ങള്‍ക്ക് ആരോഗ്യ സംരക്ഷണം നല്‍കിവരുന്നു. വനിത-ശിശുക്ഷേമം, കൃഷി, മൃഗസംരക്ഷണം, വിദ്യാഭ്യാസം, അതിദാരിദ്ര്യ നിര്‍മാര്‍ജനം, അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റല്‍, കെ സ്മാര്‍ട്ട് സൗകര്യം തുടങ്ങിയവയിലെല്ലാം പഞ്ചായത്ത് മാതൃകാ പ്രവര്‍ത്തനങ്ങളുമായാണ് മുന്നോട്ടുപോകുന്നത്.
Maruthongara Grama Panchayat Development Assembly presents model projects