കുറ്റ്യാടി: മരുതോങ്കര ഗ്രാമപഞ്ചായത്തിലെ പുളിക്കൽ പാലം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പശ്ചാത്തല സൗകര്യ വികസനത്തിലും ജനക്ഷേമ പ്രവർത്തനങ്ങളിലും സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്ന് മന്ത്രി പറഞ്ഞു.


ലൈഫ് ഭവന പദ്ധതി ഒരുപാട് പേർക്ക് ആശ്വാസമായി, പട്ടയം നൽകുന്ന കാര്യത്തിൽ സർവ്വകാല റെക്കോർഡോടെ സർക്കാർ മുന്നോട്ടു പോവുകയാണ്. അതിദരിദ്രരില്ലാത്ത സംസ്ഥാനം എന്ന വലിയ ലക്ഷ്യത്തിലേക്ക് സംസ്ഥാനം അടുത്തുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
മരുതോങ്കര ഗ്രാമപഞ്ചായത്തിലെ മലയോര പ്രദേശമായ പശുക്കടവ് പുളിക്കൽ ഭാഗത്ത് നാൽപ്പതോളം കുടുംബങ്ങളുടെ ചിരകാല സ്വപനമായിരുന്നു ചടയൻതോടിന് കുറുകെ പാലം. ഇതാണ് റീബിൽഡ് കേരള പദ്ധതിയിലൂടെ 57 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച പുളിക്കൽ പാലത്തിലൂടെ യാഥാർത്ഥ്യമായത്.
ഇ കെ വിജയൻ എംഎൽഎ അധ്യക്ഷത വഹിച്ചു. മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ സജിത്ത് വൈസ് പ്രസിഡൻ്റ് ശോഭ അശോകൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സി പി ബാബുരാജ്, ഡെന്നി തോമസ്, വി പി റീന, അസിസ്റ്റന്റ് എഞ്ചിനീയർ റാൻസി, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Minister Muhammad Riyas dedicated the Maruthonkara Pulikkal Bridge to the nation