കുറ്റ്യാടി: (kuttiadi.truevisionnews.com) കുറ്റ്യാടിയിൽ ഒളിച്ചു കടത്തുകയായിരുന്ന വിദേശ മദ്യം ലഹരിവിരുദ്ധ പ്രവർത്തകർ പിടികൂടി എക്സെയിസിനെ ഏൽപ്പിച്ചു. ടൗണിലെ സാംസ്കാരിക നിലയത്തിനടുത്തുള്ള റോഡരികിൽ നിന്നും ഇന്ത്യൻ നിർമ്മിത വിദേശമദ്യം പരിസരവാസികളും ലഹരി വിരുദ്ധ പ്രവർത്തകരും കണ്ടെത്തി നാദാപുരത്തെ എക്സെയിസ് വകുപ്പിനെ ഏൽപിക്കുകയായിരുന്നു.
ഏഴ് കുപ്പി വിദേശമദ്യമാണ് കണ്ടെത്തിയത്. എന്നാൽ മദ്യം കടത്താൻ ശ്രമിച്ചവരെ പിടികൂടിയിട്ടില്ല. മൂന്ന് ദിവസം അവധി ആയതിനാൽ മദ്യം ലഭിക്കില്ലെന്ന് മനസിലാക്കി മാഹിയിൽ നിന്നും അനധികൃതമായി എത്തിച്ച കുപ്പികളാണ് പിടികൂടിയത്.


റോഡരികിൽ ഒളിപ്പിച്ച് കൈമാറാൻ ശ്രമിക്കുന്നതിലിടയിലാണ് ലഹരി വിരുദ്ധ പ്രവർത്തകർ മദ്യം കണ്ടെത്തുന്നത്. തുടർന്ന് ലഹരി വിരുദ്ധ ജാഗ്രത സമിതി ചെയർമാനും വാർഡ് മെമ്പറുമായ ഹാഷിം നമ്പാടൻ, സിറ്റിസൺസ് ഫോറം ഫോർ പീസ് ആൻ്റ് ജസ്റ്റിസ് ചെയർമാൻ മൊയ്തു കണ്ണങ്കോടൻ എന്നിവരെ ബന്ധപ്പെട്ട് നാദാപുരം എക്സെയിസ് ഓഫിസിൽ വിവരം അറിയിക്കുകയായിരുന്നു.
ഗാന്ധി ജയന്തി ദിനത്തിൽ മദ്യം മറിച്ച് വിൽക്കാൻ മാഹിയിൽ നിന്ന് വൻ തോതിൽ വിദേശമദ്യം കുറ്റ്യാടിയിലും പരിസര പ്രദേശങ്ങളിലും എത്തിക്കുന്നണ്ടെന്നും പരിശോധന കർശനമാക്കണമെന്നും ലഹരി വിരുദ്ധ ജാഗ്രതി സമിതി ചെയർമാൻ ഹാഷിം നമ്പാടനും, കൺവീനർ പി.സി.സുനിലും അധികൃതരോട് ആവശ്യപ്പെട്ടു.
Anti-drug activists catch attempt to smuggle foreign liquor in Kuttiadi and hand it over to excise