കുറ്റ്യാടി: (kuttiadi.truevisionnews.com) മട്ടന്നൂർ വെളിയമ്പ്ര എളന്നൂരിൽ പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ കുറ്റ്യാടി സ്വദേശിയായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി നരിക്കൂട്ടുംച്ചാൽ സ്വദേശി ഖലീൽ റഹ്മാൻ്റെയും സമീറയുടെയും ഏക മകൾ ഇർഫാന (18)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ശനിയാഴ്ച വൈകീട്ട് നാലോടെയാണ് ഇർഫാനയെ പുഴയിലെ ഒഴുക്കിൽപ്പെട്ട് കാണാതായത്. ഓണാവധിക്ക് കുറ്റ്യാടിയിൽ നിന്നും വെളിയമ്പ്രയിലെ മാതാവിൻ്റെ വീട്ടിലെത്തിയതായിരുന്നു പെൺകുട്ടി. ബന്ധുക്കൾക്കൊപ്പം കുളിക്കാനായി പുഴയിലിറങ്ങിയപ്പോൾ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീഴുകയായിരുന്നു.


പെൺകുട്ടിക്കായി അഗ്നിരക്ഷസേനയും സിവിൽ ഡിഫൻസും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. പഴശ്ശി പുഴയുടെ ഷട്ടർ അടച്ച് നാട്ടുകാരുടെ സഹായത്തോടെയാണ് തിരച്ചിൽ നടത്തിയത്. കഴിഞ്ഞ ദിവസം നിർത്തിവച്ച തിരച്ചിൽ ഇന്ന് പുലർച്ചയോടെ വീണ്ടും ആരംഭിച്ചെങ്കിലും വിഫലമാവുമാകയായിരുന്നു.
ഫയർഫോഴ്സിന്റെയും കുറ്റ്യാടി ജനകീയ ദുരന്ത നിവാരണ സേനയുടെയും നാട്ടുകാരുടെയും തിരച്ചിലിന് ഒടുവിൽ ഏകദേശം സംഭവം നടന്നതിന്റെ ആറ് കിലോമീറ്റർ അപ്പുറത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത് . പഴശ്ശി ഡാമിന്റെ അടുത്ത് ആയതുകൊണ്ട് രണ്ടുദിവസമായി ഷട്ടർ അടച്ചു കൊണ്ടുള്ള തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
Body of missing Kuttiyadi native found after being swept away in river