കുറ്റ്യാടി: (kuttiadi.truevisionnews.com) കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ സ്പെഷ്യലിസ്റ്റ് ഡോക്‌ടർമാരുടെ അഭാവം രോഗികളെ ദുരിതത്തിലാക്കുന്നു. കാവിലുംപാറ, കുറ്റ്യാടി, മരുതോങ്കര, നരിപ്പറ്റ, ചങ്ങരോത്ത്, വേളം തുടങ്ങിയ എട്ട് പഞ്ചായത്തുകളിലെയും വയനാട് ജില്ലയിലെ വാളംതോട്, നിരവിൽപ്പുഴ തുടങ്ങിയ ഭാഗങ്ങളിൽ നിന്നെത്തുന്ന നിരവധി പേരുടെ സേവനകേന്ദ്രമാണ് കുറ്റ്യാടി താലൂക്ക് ആശുപത്രി.
ഓർത്തോ, നേത്ര വിഭാഗങ്ങളിൽ നിലവിൽ ഡോക്ടർമാരില്ല. മൂന്നുമാസം മുമ്പ് ഓർത്തോ, കണ്ണ് രോഗ വിഭാഗത്തിലെ ഡോക്‌ടർമാർ വിരമിച്ചശേഷം പകരം ഡോക്ടർമാരെ കൊണ്ടുവന്നിട്ടില്ല. ഓർത്തോവിഭാഗത്തിൽ ഡോക്‌ടർമാർ ഇല്ലാത്തത് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയകൾ അടക്കം ഒട്ടേറെ സർജറികൾ ചെയ്ത ശ്രദ്ധേയമായ ഓർത്തോവിഭാഗമായിരുന്നു ഇവിടുത്തേത്.


ഓപ്പറേഷനുവേണ്ട എല്ലാ സംവിധാനങ്ങളും കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ടെങ്കിലും ഡോക്ടർ ഇല്ലാത്തതിനാൽ ഉപയോഗിക്കാനാകുന്നില്ല. ഓർത്തോസംബന്ധമായ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഡോക്‌ടർ ഇല്ലാത്തത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. സ്വകാര്യ ആശുപത്രികളെ സഹായിക്കാൻ വേണ്ടിയാണ് ഡോക്‌ടറെ നിയമിക്കാത്തതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. മറ്റു വിഭാഗങ്ങളിലും ആവശ്യത്തിന് ഡോക്ടർമാരില്ല.
കുറ്റ്യാടിമേഖലയിൽ മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, പകർച്ചപ്പനി തുടങ്ങിയവ പടർന്നുപിടിക്കുന്ന സന്ദർഭത്തിൽ ഡോക്ടർമാരുടെ അഭാവം രോഗികളെ ബുദ്ധിമുട്ടിലാക്കുകയാണ്. ആശുപത്രിയിലുള്ള ഡോക്ടർമാരെ കാണാൻ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട സ്ഥിതിയുമാണ്. ലക്ഷങ്ങൾ ചെലവഴിച്ച് ആധുനികീകരിച്ച പ്രസവവാർഡും ഓപ്പറേഷൻ തിയേറ്ററുമൊക്കെ ഉണ്ടെങ്കിലും പ്രസവം മാത്രം നടക്കുന്നില്ല.
വൻതുക നൽകി പ്രസവത്തിന് സ്വകാര്യ ആശുപത്രികളെയോ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയെയോ ആശ്രയിക്കേണ്ട സ്ഥിതിയാണ്. രണ്ട് ഡോക്ടർമാരാണ് ഗൈനക്കോളജി വിഭാഗത്തിൽ വേണ്ടത്. ഒരു ഡോക്ടർ മാത്രമേ നിലവിലുള്ളൂ. മാസത്തിൽ ഒട്ടേറെ പ്രസവം നടന്ന ആശുപത്രിയാണ് ഡോക്‌ടർമാരുടെ അഭാവംമൂലം ശൂന്യമായി കിടക്കുന്നത്. കുറെക്കാലം ഗൈനക്കോളജി വിഭാഗത്തിൽ ഡോക്ടറില്ലായിരുന്നു. കഴിഞ്ഞ നാലുമാസമായിട്ടേ ഉള്ളു ഒരു ഡോക്ടർ നിയമിതനായിട്ട്. ഡോക്ടർമാരുടെ അഭാവം പരിഹരിക്കണമെന്നാണ് രോഗികളുൾപ്പടെയുള്ളവരുടെ ആവശ്യം.
There are no specialist doctors at Kuttiadi Taluk Hospital