കുറ്റ്യാടി: (kuttiadi.truevisionnews.com) മലയോര ഹൈവേ പദ്ധതിയിലുള്‍പ്പെടുത്തിയ കുറ്റ്യാടി പുഴയിലെ ജാനകിക്കാട് ചവറാമൂഴി പാലം പണിയാന്‍ ടെന്‍ഡറായി. മരുതോങ്കര ചക്കിട്ടപാറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം നിര്‍മിക്കാന്‍ കിഫ്ബി ഫണ്ടില്‍ നിന്ന് ഒന്‍പതു കോടിയാണ് അനുവദിച്ചത്.


നിലവില്‍ കുറ്റ്യാടി ജലസേചന പദ്ധതി മെയിന്‍ കനാല്‍ കടന്നു പോകുന്ന അക്വാഡേറ്റ് ആണ് വാഹന ഗതാഗതത്തിന് ഉപയോഗിക്കുന്നത്. വീതി കുറഞ്ഞ പാലത്തിലൂടെ ഭാരം കുറഞ്ഞ വാഹനങ്ങള്‍ മാത്രമേ കടന്നു പോകാനാവുന്നുള്ളു.
പുഴയുടെ മേല്‍ഭാഗത്ത് നിര്‍മിക്കുന്ന 77 മീറ്റര്‍ നീളമുള്ള പാലത്തിന് 12 മീറ്റര്‍ വീതിയുണ്ടാകും. പുതിയ പാലമായാല്‍ പേരാമ്പ്ര ഭാഗത്തു നിന്നുള്ളവര്‍ക്ക് ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക് എളുപ്പം എത്താനാകും.കൂടാതെ മലയോര മേഖലകളെ എളുപ്പം ബന്ധിപ്പിക്കാനുമാകും.
പെട്ടന്നുതന്നെ പ്രവൃത്തി ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഇ.കെ വിജയന്‍ എം.എല്‍ അറിയിച്ചു. പ്രവൃത്തി ആരംഭിക്കുന്നതിനു മുന്നോടിയായി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേര്‍ക്കും. മലയോര ഹൈവേയില്‍ നടുത്തോട് പാലം മുതല്‍ മുള്ളങ്കുന്ന് ടൗണ്‍ വരെയുള്ള റീച്ച് കഴിഞ്ഞ ദിവസം ടെന്‍ഡര്‍ ചെയ്തിരുന്നു.
#Tender #fund #Janakikkad #Chavaramoozhi #bridge