കുറ്റ്യാടി : കായികലോകത്തിന് നിരവധി താരങ്ങളെ സമ്മാനിച്ച കക്കട്ടിൽ വോളിബോൾ അക്കാദമിക്ക് വീണ്ടും അഭിമാനിക്കാം. ഒപ്പം നരിക്കൂട്ടുംചാലി ൽനിന്ന് ആദ്യമായി ഒരു പെൺകുട്ടി ഇന്ത്യൻ വോളിബോളിന്റെ നെറുകയിലേക്ക്.
വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ പത്താംക്ലാസ് വിദ്യാർഥി അവന്തിക ശ്രീജിത്താണ് അണ്ടർ 18 ഇന്ത്യൻ വോളിബോൾ ക്യാമ്പിലേക്ക് അർഹത നേടിയിരിക്കുന്നത്. ഏഴാംക്ലാസ് മുതൽ കക്കട്ടിൽ വോളിബോൾ അക്കാദമിയിൽ തോമസ് മാഷിന്റെ ചിട്ടയാർന്ന പരിശീലനത്തിന്റെ ഭാഗമായാണ് അഭിമാനാർഹമായ നേട്ടത്തിന് അവന്തിക അർഹയായിരിക്കുന്നത്.


അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ബാസ്ക്കറ്റ് ബോളിലായിരുന്നു കമ്പം. പിന്നീടങ്ങോട്ട് വോളിബോളിൽ ചേക്കേറുകയായിരുന്നു. എട്ട്, ഒമ്പത്, ക്ലാസുകളിൽ പഠിക്കുമ്പോൾ മിനി, സബ് ജൂനിയർ വിഭാഗങ്ങളിൽ ജില്ലയിലേക്ക് സെലക്ഷൻ ലഭിച്ചിരുന്നുവെങ്കിലും കോവിഡ് വ്യാപനംകൊണ്ട് മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല.
മേയ് അവസാനവാരം ബെംഗളൂരുവിലാണ് ക്യാമ്പ് നടക്കുന്നത്. ബിസിനസുകാരൻ പുത്തൻപുരയിൽ ശ്രീജിത്തിന്റെയും ആയഞ്ചേരി വള്യാട് യു.പി. സ്കൂൾ അധ്യാപിക പ്രവിഷയുടെയും മകളാണ് അവന്തിക.
അണ്ടർ 18 ഇന്ത്യൻ വോളിബോൾ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അവന്തിക ശ്രീജിത്തിനെ വേദിക വായനശാലയുടെയും വേദിക മാതൃഭൂമി സ്റ്റഡി സർക്കിളിന്റെയും നേതൃത്വത്തിൽ അനുമോദിച്ചു.
കുന്നുമ്മൽ ബ്ലോക്ക് ആരോഗ്യ-വിദ്യാഭ്യാസ അധ്യക്ഷ ലീബ സുനിൽ ഉപഹാരംനൽകി. ജെ.ഡി. ബാബു അധ്യക്ഷനായി. എസ്.ജെ. സജീവ് കുമാർ, കെ.കെ. രവീന്ദ്രൻ, പി.കെ. പ്രേംദാസ്, പി.പി. ശ്രീജിത്ത്, അജി കൂരാറ, പി.കെ. ശശിധരൻ, എൻ.സി. സുനി, ബി.കെ. പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.
Avantika Sreejith to Indian Volleyball Camp







































.jpeg)
.jpeg)
.jpeg)







