#Latest News #Kuttiyadi #PWD Kerala #Wayanad Road
കുറ്റ്യാടി:(kuttiadi.truevisionnews.com)കുറ്റ്യാടി ടൗണിൽ വയനാട് റോഡിൽ പുതുക്കി ടാറിടാതെ ഒഴിവാക്കിയ ഭാഗത്ത് അറ്റകുറ്റപ്പണി പോലും നടത്താതെ പി.ഡബ്ല്യു.ഡി. അധികൃതരുടെ അവഗണന തുടരുന്നു. കൊത്തങ്കോട് ഗവ. ആശുപത്രി റോഡ് ജങ്ഷന് സമീപമാണ് 150 മീറ്ററോളം ദൂരം കഴിഞ്ഞ രണ്ടു വർഷമായി ടാറിങ് നടത്താതെ തകർന്ന് കിടക്കുന്നത്. വാട്ടർ അതോറിറ്റിയും പി.ഡബ്ല്യു.ഡി തമ്മിലുള്ള ആശയവിനിമയത്തിലെ കുറവാണ് റോഡിന്റെ ഈ ഭാഗം ദുരിതപാതയായി തുടരാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
നേരത്തെ പൈപ്പിടാനായി വെട്ടിപ്പൊളിച്ചതിനെത്തുടർന്ന് റോഡ് പൂർണ്ണമായി തകർന്നിരുന്നു. തുടർന്ന് വയനാട് റോഡിന്റെ തുടക്കം മുതൽ പഴയ കൊത്തങ്കോട് വരെയുള്ള അരക്കിലോമീറ്റർ ദൂരം റീടാർ ചെയ്യാൻ വാട്ടർ അതോറിറ്റി ഫണ്ട് അനുവദിക്കുകയും പണി പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ, വാട്ടർ അതോറിറ്റി പ്രവൃത്തി അവസാനിപ്പിച്ചിടത്തുനിന്ന് ടാറിങ് തുടരുന്നതിന് പകരം, അവിടെനിന്ന് 150 മീറ്ററോളം ദൂരം ഒഴിവാക്കിയാണ് പി.ഡബ്ല്യു.ഡി തൊട്ടിൽപ്പാലം വരെയുള്ള അഞ്ച് കിലോമീറ്റർ ദൂരം ടാറിങ് നടത്തിയത്.
ഒഴിവാക്കപ്പെട്ട ഈ ഭാഗം ഏതെങ്കിലും ഫണ്ടിൽ ഉൾപ്പെടുത്തി റീടാർ ചെയ്യുമെന്നാണ് അന്ന് അന്വേഷിച്ചവരോട് പി.ഡബ്ല്യു.ഡി അധികൃതർ പറഞ്ഞത്. എന്നാൽ രണ്ട് വർഷം പിന്നിട്ടിട്ടും തകർന്നുകിടക്കുന്ന ഈ ഭാഗത്ത് ഒരു അറ്റകുറ്റപ്പണി പോലും നടത്താൻ അധികൃതർ തയ്യാറായിട്ടില്ല
Content Highlight: Kuttiyadi, Kuttiyadi Wayanad road collapse, Wayanad road

















































