പുറമേരി: (https://kuttiadi.truevisionnews.com/) യു.ഡി.എഫ് സ്ഥാനാർഥി പാറക്കൽ അബ്ദുള്ളയുടെ പ്രചാരണ ബോർഡുകളിൽ അശ്ലീല ചിത്രങ്ങൾ പതിച്ച് വികൃതമാക്കിയ നിലയിൽ കണ്ടെത്തി. പഞ്ചായത്തിലെ മുതുവടത്തൂർ വിളയാട്ടേരി മുക്ക്, കോമത്ത് മുക്ക് എന്നിവിടങ്ങളിലെ ബോർഡുകളിലാണ് സാമൂഹ്യവിരുദ്ധർ ഇത്തരത്തിൽ ആഭാസത്തരങ്ങൾ കാട്ടിയത്. സംഭവത്തിൽ യു.ഡി.എഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് യു.ഡി.എഫ് സ്ഥാനാർഥി നടത്തുന്ന മുന്നേറ്റത്തിൽ വിറളിപൂണ്ടവരാണ് ഇത്തരം നീചമായ പ്രവൃത്തികൾക്ക് പിന്നിലെന്ന് കമ്മിറ്റി ആരോപിച്ചു. സദാചാരവിരുദ്ധവും നികൃഷ്ടവുമായ ഈ പ്രവർത്തനത്തിൽ ഏർപ്പെട്ടവരെ ഉടൻ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടരണമെന്ന് യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ വി.എം. ചന്ദ്രൻ, കൺവീനർ കെ.ടി. അബ്ദുറഹിമാൻ എന്നിവർ ആവശ്യപ്പെട്ടു.
UDF says obscene images on Parakkal Abdullah's campaign boards are immoral and despicable













































