Sep 20, 2025 11:42 AM

കാവിലുംപാറ: ( kuttiadi.truevisionnews.com) കാവിലുംപാറ പഞ്ചായത്തിൽ രണ്ടുമാസത്തിനിടെ എലിപ്പനി ബാധിച്ച് രണ്ടുപേർ മരിച്ചു. നിലവിൽ വിവിധ ആശുപത്രികളിലായി നാലു പേർ ചികിത്സയിലുണ്ട്. കഴിഞ്ഞദിവസം തൊട്ടിൽപ്പാലത്ത് ക്ഷീരകർഷകൻ എലിപ്പനി ബാധിച്ച് മരണപ്പെട്ടതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് നടത്തിയ പഠനത്തിൽ ഇദ്ദേഹത്തിന് രോഗം ബാധിച്ചത് പശുവിന്റെ മൂത്രത്തിലൂടെയും മറ്റും ആകാനുള്ള സാധ്യതയാണ് കണ്ടെത്തിയത്.

എലിപ്പനിയുടെ ബാക്ടീരിയ ഉള്ളിൽ കടന്ന പശുവിന് കാര്യമായ രോഗങ്ങൾ ഒന്നുമില്ലെങ്കിലും പശു എലിപ്പനി ബാക്ടീരിയയുടെ ക്യാരിയർ ആവും . ആയതിനാൽ ക്ഷീരകർഷകർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പും, മൃഗസംരക്ഷണ വകുപ്പും അറിയിച്ചു.

പശുവിനെ കൂടാതെ ആട്,നായ തുടങ്ങിയ മൃഗങ്ങളുടെ വിസർജ്യത്തിലൂടെയും എലിപ്പനിയുടെ ബാക്ടീരിയ മനുഷ്യരിലേക്ക് എത്താൻ സാധ്യത ഉള്ളതിനാൽ പനിയോ,ക്ഷീണമോ,ശരീരവേദനയോ തുടങ്ങിയ അസുഖങ്ങൾ ഉണ്ടായാൽ ക്ഷീരകർഷകരും, തൊഴിലുറപ്പ് തൊഴിലാളികളും, പറമ്പുകളിൽ ജോലി ചെയ്യുന്നവരും സ്വയം ചികിത്സ നടത്താതെ ഡോക്ടറെ കണ്ട് ജോലിയുടെ വിവരം അറിയിച്ചുകൊണ്ട് ചികിത്സ തേടണമെന്നും എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണമെന്നും ആരോഗ്യവകുപ്പും, മൃഗസംരക്ഷണ വകുപ്പും പറഞ്ഞു.

എലിപ്പനി പ്രതിരോധത്തിനായി ഊർജിതമായ പ്രവർത്തനങ്ങളാണ് കാവിലും പാറയിൽ നടന്നുവരുന്നത്. ഇത് സംബന്ധിച്ചുള്ള അവലോകന യോഗം കാവിലുംപാറ പഞ്ചായത്ത് ഹാളിൽ നടന്നു. കാവിലുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പിജി ജോർജ് മാസ്റ്റർ,വൈസ് പ്രസിഡണ്ട് അന്നമ്മ ജോർജ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പി ശ്രീധരൻ മാസ്റ്റർ, ഡോക്ടർ നീമ വേണുഗോപാൽ മെഡിക്കൽ ഓഫീസർ കാവിലുംപാറ, ഡോക്ടർ സന്തോഷ് വെറ്റിനറി ഡോക്ടർ കാവിലുംപാറ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി കെ പുരുഷോത്തമൻ, പി എം മൊയ്തീൻ കുഞ്ഞ് ഹെൽത്ത് ഇൻസ്പെക്ടർ ബിജു പി, ജെ എച്ച് ഐ മാരായ ജോബിഅഗസ്റ്റിൻ, മുഹമ്മദ് സാബു, ഷിൻസ് വി എസ്, രതുഷ ഇ ആർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ഈ മാസം 21 ഞായറാഴ്ച്ച രാവിലെ 10 മണിക്ക് ക്ഷീരകർഷകരെ ഉൾപ്പെടെ പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ യോഗം തൊട്ടിൽപ്പാലം മിൽക്ക് സൊസൈറ്റി ഹാളിൽ ചേരും. യോഗത്തിൽ ക്ഷീര കർഷകർ നിർബന്ധമായും പങ്കെടുക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Rabies death in Kavilumpara, authorities warn dairy farmers

Next TV

Top Stories










News Roundup






Entertainment News





//Truevisionall