കുറ്റ്യാടി: (kuttiadi.truevisionnews.com ) വേളം പഞ്ചായത്തിൽ മഞ്ഞപ്പിത്തം പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 67 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. പള്ളിയത്ത് മദ്രസയിൽ വെച്ച് ഇന്ന് ഉച്ചക്ക് ഒരു മണി വരെയായിരുന്നു ക്യാമ്പ് നടത്തിയത്.
പള്ളിയത്ത്, പുളക്കൂൽ, ഗുളിഗപ്പുഴ, പാലോടിക്കുന്ന് വാർഡുകളിലാണ് രോഗം റിപ്പോർട്ട് ചെയ്തത്. പള്ളിയത്ത് വാർഡിൽമാത്രം 40 പേർക്ക് രോഗം സ്ഥിരീകരിച്ചു.


കഴിഞ്ഞ മാസം നടന്ന പ്രദേശത്തെ ഒരു കല്യാണ വിടാണ് പ്രഭവകേന്ദ്രമെന്നാണ് കണ്ടെത്തൽ. ജൂൺ 28നാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം മുതൽ പള്ളിയത്ത് വാർഡിലെ മുഴുവൻ വിദ്യാലയങ്ങളും അടച്ചിട്ടു.
അതേസമയം, പ്രദേശത്തിന് പുറത്തുള്ള വിദ്യാലയങ്ങളിലേക്ക് കുട്ടികൾ പോകുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. കൂടുതൽ രോഗവ്യാപന സാധ്യത തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
ഇതിനിടെ പഞ്ചായത്തിൻ്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. വീടുകൾ കേന്ദ്രീകരിച്ച് സൂപ്പർക്ലോറിനേഷൻ, ബോധവൽക്കരണം, മൈക്ക് അനൗൺസ്മെൻ്റ് എന്നിവ നടത്തി. കടകളിൽ ഉൾപ്പെടെ പരിശോധനകൾ കർശനമാക്കി. സർവകക്ഷി യോഗം ചേർന്ന് പ്രതിരോധ നടപടി ശക്തമാക്കിയിട്ടുണ്ട്.
Jaundice prevention Medical camp organized in Velom panchayath