കുറ്റ്യാടി: (kuttiadi.truevisionnews.com) കുറ്റ്യാടി മണിമലയിലെ വ്യവസായ പാർക്കിലെ അഞ്ച് ഏക്കറോളം വരുന്ന ഒന്നാം ഘട്ടത്തിലെ അടിസ്ഥാന സൗകര്യങ്ങൾ പൂർത്തീകരിച്ച് 2025 ജൂണിൽ വ്യവസായങ്ങൾക്ക് സ്ഥലം അനുവദിച്ചു കൊടുക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്.


കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎയുടെ ചോദ്യത്തിന് ഉത്തരമായി നിയമസഭയിലാണ് മന്ത്രി പി രാജീവ് ഇക്കാര്യം അറിയിച്ചത്.
മണിമല നാളികേര പാർക്ക് ഭൂമി വികസിപ്പിക്കുന്നതിന്റെ ഭാഗമായി അഞ്ചേക്കർ ഭൂമിയിലുള്ള മരങ്ങളുടെ മൂല്യനിർണയം പൂർത്തീകരിച്ച് മരം മുറിച്ചു മാറ്റുന്നതിനുള്ള ടെൻഡർ നടപടികൾ തുടങ്ങിയെന്ന് മന്ത്രി പറഞ്ഞു.
ആദ്യ ടെൻഡറിൽ കരാറുകാരെ ലഭിക്കാത്തതിനാൽ പുതുക്കിയ രണ്ടാം ടെൻഡർ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ആദ്യഘട്ടത്തിലുള്ള വ്യവസായ പ്ലോട്ടിലേക്ക് കടക്കുന്നതിന് വേണ്ടി അടിസ്ഥാന സൗകര്യമായ റോഡ്, ഓവുചാൽ ഇവയാണ് നിർമ്മിക്കുക എന്ന് അദ്ദേഹം വ്യക്തമാക്കി.
വൈദ്യുതി വിതരണത്തിന് ഉള്ള പ്രവർത്തികൾ കെഎസ്ഇബിയുടെ മേൽനോട്ടത്തിൽ പാർക്കിൽ പുരോഗമിച്ചു വരുന്നു.
നിലവിലുള്ള സ്ഥലത്തിന്റെ ലഭ്യതയും അതിലേക്ക് ലഭ്യമാകുന്ന അടിസ്ഥാന സൗകര്യങ്ങളും കൂടാതെ സർക്കാർ ഉത്തരവ് മുഖേന പ്രസിദ്ധപ്പെടുത്തിയ ഏകീകൃത ഇൻഡസ്ട്രിയൽ ലാൻഡ് അലോട്ട്മെന്റ് റെഗുലേഷൻ അനുസരിച്ച് കെഎസ്ഐഡിസി രൂപീകരിച്ചിട്ടുള്ള പ്രൈസിങ് കമ്മിറ്റി തീരുമാനിക്കുന്ന രീതിയിലുള്ള സ്ഥലവില അനുസരിച്ച് സ്ഥലം സംരംഭകർക്ക് അനുവദിച്ചു നൽകുവാൻ കഴിയുന്നതാണ് എന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു.
#Industries #start #Kuttyadi #Manimala #June #Industry #Minister #PRajeev #Legislative #Assembly