കുറ്റ്യാടി: (kuttiadi.truevisionnews.com) മാരകമായ രാസ ലഹരി വസ്തുക്കളുടെ വിതരണവും ഉപയോഗവും ഏറുന്നു.
കുറ്റ്യാടിയിൽ എം.ഡി.എം.എ വാങ്ങാൻ എത്തിയ യുവാവിനെ നാട്ടുകാരുടെ കൂട്ടായ്മയായ കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേന പ്രവർത്തകർ പിടികൂടി പൊലീസിന് കൈമാറി.
കുറ്റ്യാടി അടുക്കത്ത് ഇന്നലെ രാത്രിയാണ് എം.ഡി.എം.എ വാങ്ങാൻ എത്തിയ നാദാപുരം ചെക്യാട് സ്വദേശി ഉടുമ്പന്റെവിട ആദർശിനെ നാട്ടുകാർ പിടികൂടി കുറ്റ്യാടി പോലീസിൽ ഏൽപ്പിച്ചത്. ഇയാൾ നിന്ന സ്ഥലത്ത് നിന്ന് 4.7 ഗ്രാം എം.ഡി. എം.എ.യും പിടികൂടി.
ഇന്നലെ രാത്രി അസമയത്ത് അടുക്കത്ത് റോഡരികിൽ നിൽക്കുകയായിരുന്ന ആദർശിനെ കണ്ട നാട്ടുകാരൻ ജനകീയ ദുരന്തനിവാരണ സേന ചെയർമാൻ ബഷീർ നരയംകോടനെ വിവരം അറിയിക്കുകയായിരുന്നു.
ആദർശിനെ നാട്ടുകാർ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് അടുക്കത്ത് സ്വദേശി കോവുമ്മൽ ആഫ്രിദ് എന്നയാൾക്ക് പണം അയച്ചുകൊടുത്തതായും ഇതിൻറെ അടിസ്ഥാനത്തിൽ മറ്റൊരാൾ നൽകിയ ലൊക്കേഷനും ഫോട്ടോയും അനുസരിച്ചാണ് അടുക്കത്ത് എത്തി എം.ഡി.എം.എ പൊതി എടുത്തതെന്നും ആദർശ് പറഞ്ഞു.
തുടർന്ന് കുറ്റ്യാടി പോലീസ് എത്തി ആദർശിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കുറ്റ്യാടി നാദാപുരം മേഖലയിൽ മാരക മയക്കുമരുന്ന് ലോബി തന്നെ പ്രവർത്തിക്കുന്നുണ്ട്. ഓൺലൈൻ വഴിയാണ് വിതരണം നടത്തുന്നത്.
ഇതര സംസ്ഥാനങ്ങളിൽ പഠിക്കാൻ പോയ വിദ്യാർത്ഥികളെ മയക്കുമരുന്ന് സംഘം ദുരുപയോഗം ചെയ്യുന്നുണ്ട്. നിരവധി വിദ്യാർത്ഥികൾ ലഹരിക്ക് അടിമകൾ ആയിട്ടുമുണ്ട്.
#Chemical #intoxication #widespread #Locals #caught #youth #came #buy #drugs #Kuttiadi