കുറ്റ്യാടി: (kuttiadinews.in) നിപയുടെ അതിജീവന വിസ്‌മയമായ ആ ഒമ്പതുകാരൻ ഹനീൻ ഇന്നലെ വീണ്ടും സ്കൂളിലെത്തി. നാളുകളേറെ കേരളത്തെ മുഴുവൻ ആശങ്കയിലും പ്രാർഥനയിലും തളച്ചിട്ട ഹനീൻ ആറ് ദിവസമാണ് വെൻ്റിലേറ്ററിൽ കഴിഞ്ഞത്.
ഒടുവിൽ പ്രാർഥനകളെ സാർഥകമാക്കി ആ ബാലൻ വീണ്ടും പതിവു ജീവിതത്തിലേക്ക് നടന്നുകയറി. മൂന്നുമാസത്തിന് ശേഷമാണ് കള്ളാട് സ്വദേശിയായ ഹനീൻ സ്കൂളിൽ തിരിച്ചെത്തിയത്.
കള്ളാട് എൽ.പി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും രക്ഷാകർത്താക്കളും അവനെ ആഹ്‌ളാദപൂർവം എതിരേറ്റു. പ്രത്യേകം അസംബ്ലി ചേർന്ന് അവർ ഹനീന് ആദരമൊരുക്കി. സ്‌കൂൾ ലീഡർ അലിൻ പൂച്ചെണ്ട് നൽകി സ്വീകരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്ത്, മെംബർ സമീറ ബഷീർ, ഹെൽത്ത് ഇൻസ് പെക്‌ടർ വിനോദൻ തുടങ്ങിയവരും സന്നിഹിതരായിരുന്നു. കഴിഞ്ഞ ആഗസ്റ്റ് 25നാണ് ഹനീൻ അവസാനമായി സ്കൂളിലെത്തിയത്.
29ന് ഹനീന്റെ പിതാവ് മുഹമ്മദലിയെ നിപയുടെ രൂപത്തിൽ മരണം കീഴടക്കിയിരുന്നു. സെപ്റ്റംബർ ഒമ്പതിന് ഹനീനെ രോഗലക്ഷണങ്ങൾ കണ്ട് കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് റഫർ ചെയ്തു.
10 മുതൽ ഗുരുതരാവസ്ഥയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെൻ്റിലേറ്ററിലായിരുന്നു. ശ്രവ പരിശോധനയിൽ നിപ സ്ഥിരീകരിച്ചു. മുഹമ്മദലിയുമായി സമ്പർക്കമുണ്ടായിരുന്ന ആയഞ്ചേരി സ്വദേശിയും മരിച്ചിരുന്നു.
ഇതോടെ ഇരുവരും മരിച്ചത് നിപ ബാധിച്ചാണെന്ന് ബോധ്യമായി. തുടർന്ന് ജില്ലയിലെ പല പഞ്ചായത്തുകളും രണ്ടാഴ്‌ചക്കാലം നിയന്ത്രണങ്ങളായി.
#Nipah #survivor #Haneen #returned #school #bouquet #given #accepted