മൊകേരി: (kuttiadinews.in) മൊകേരി ഗവ.കോളേജ് പ്രവർത്തനമാരംഭിച്ചിട്ട് നാലു പതിറ്റാണ്ടിലേറെയായി. ഇതിനോടകം ഒട്ടേറെ വിദ്യാർഥികൾ ഇവിടെനിന്ന് പഠിച്ചിറങ്ങി. പഠന-പാഠ്യേതര പ്രവർത്തനങ്ങളിലും അടിസ്ഥാന സൗകര്യങ്ങളിലും കോളേജ് ഇന്ന് പിന്നിലല്ല.
എന്നാൽ, കാലമിത്രയുമായിട്ടും കോഴ്സുകളുടെ എണ്ണത്തിൽ പറയത്തക്ക മാറ്റമൊന്നുമില്ലാത്തതാണ് പ്രശ്നം. കോളേജിൽ പുതിയ കോഴ്സുകൾ അനുവദിക്കണമെന്ന ആവശ്യമാണ് ഇപ്പോൾ ശക്തമായിരിക്കുന്നത്.
ഏഴു വർഷത്തിനുള്ളിൽ രണ്ട് പുതിയ കോഴ്സുകൾമാത്രമാണ് കോളേജിൽ ആരംഭിച്ചത്. രണ്ടുവർഷങ്ങൾക്കുമുമ്പ് ബി.എ. ഇക്കണോമെട്രിക്സ് ആൻഡ് ഡേറ്റാ മാനേജ്മെൻറ് ആരംഭിച്ചിരുന്നു.
നിലവിൽ 760 വിദ്യാർഥികൾ, 30 അധ്യാപകർ, 12 അനധ്യാപക ജീവനക്കാർ എന്നിവരാണ് കോളേജിലുള്ളത്. കോളേജ് ലൈബ്രറി, വനിതാ ഹോസ്റ്റൽ എന്നിവയ്ക്കായി 7.69 കോടിയുടെ കിഫ്ബി അനുമതി ലഭിച്ചിരുന്നു. ലൈബ്രറി നവീകരണപ്രവൃത്തികൾ അന്തിമഘട്ടത്തിലാണ്.
ലേഡീസ് ഹോസ്റ്റൽ നിർമാണം ഉടൻ ആരംഭിക്കുമെന്നാണ് ബന്ധപ്പെട്ട അധികൃതർ അറിയിച്ചത്. എം.എൽ.എ. ആസ്തി വികസനഫണ്ടിൽനിന്ന് അനുവദിച്ച തുക ഉപയോഗിച്ച് കോളേജിലെ പ്രവേശന കവാടത്തിന്റെയും ഗ്രൗണ്ടിന്റെയും നിർമാണം പൂർത്തിയായിട്ടുണ്ട്.
പുതിയ കംപ്യൂട്ടർ ലാബിനും ലൈബ്രറിക്കും ഐ.ടി.യുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കുമായി 63 ലക്ഷം രൂപയുടെ സർക്കാർ അനുമതി ലഭിച്ചിട്ടുണ്ട്. ഒരുകോടി രൂപയുടെ സ്റ്റാഫ് ക്വാർട്ടേഴ്സ് പ്രവൃത്തിയും പൂർത്തിയായി.
80 ലക്ഷം രൂപയുടെ നവീകരണപ്രവർത്തനങ്ങളും നടന്നു. അടിസ്ഥാനസൗകര്യങ്ങൾ വിപുലമാക്കുമ്പോഴും മതിയായ കോഴ്സുകളില്ലാത്തതാണ് കോളേജിന്റെ പോരായ്മ.
#Need #newcourses #MokeriGovernmentCollege #strong #demand