#Latest News #Kuttiyadi #Mavullachal #Drinking Water Project #Shafi Parambil MP
കുറ്റ്യാടി:(kuttiadi.truevisionnews.com)കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ മാവുള്ളചാൽ കുടിവെള്ള പദ്ധതിയുടെ പുനരുദ്ധാരണത്തിനായി ഷാഫി പറമ്പിൽ എംപി തന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 5 ലക്ഷം രൂപ അനുവദിച്ചു.
പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ഈ തുക വിനിയോഗിക്കുന്നത്.
2014-15 സാമ്പത്തിക വർഷത്തിൽ അന്നത്തെ കേന്ദ്രമന്ത്രിയും എംപിയുമായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ചാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്.
പ്രദേശത്തെ ഉന്നതിയുൾപ്പെടെയുള്ള ഉയർന്ന പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുക എന്നതായിരുന്നു പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം.



എന്നാൽ, കഴിഞ്ഞ മൂന്ന് വർഷമായി പദ്ധതി പ്രവർത്തന സജ്ജമല്ലാത്ത അവസ്ഥയിലായിരുന്നു.
കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് എംപി അടിയന്തരമായി ഫണ്ട് അനുവദിച്ചത്.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.കെ. സുരേഷ്, ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത്, മണ്ഡലം കോൺഗ്രസ് ഉപാധ്യക്ഷൻ നൗഷാദ് കോവിലത്ത് എന്നിവരടങ്ങിയ സംഘമാണ് എംപിക്ക് നിവേദനം നൽകിയത്.
പദ്ധതി പുനരുദ്ധരിക്കുന്നതിലൂടെ പ്രദേശവാസികളുടെ ദീർഘകാലമായുള്ള കുടിവെള്ള പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
ഫണ്ട് അനുവദിച്ച ഷാഫി പറമ്പിൽ എംപിക്ക് പ്രദേശവാസികൾ നന്ദിയും അഭിനന്ദനങ്ങളും അറിയിച്ചു.
Content Highlight: Kuttiyadi, Mavullachal, Drinking Water Project, Shafi Parambil MP
#Latest News #Kuttiyadi #Mavullachal #Drinking Water Project #Shafi Parambil MP















































