തൊട്ടില്‍പ്പാലം:(kuttiadi.truevisionnews.com)വയനാട്ടില്‍ നിന്ന് ജില്ലയിലേക്കുള്ള പാതയായ കുറ്റ്യാടി ചുരം റോഡിന്റെ അവഗണനയ്ക്ക് അറുതിയില്ല. ഇരുവശങ്ങളിലും ഇടതൂര്‍ന്ന കാടുകള്‍ റോഡിലേക്ക് തള്ളി നില്‍ക്കുന്നതിനാല്‍ പരസ്പരം വാഹനങ്ങള്‍ കാണാനാവാത്ത അവസ്ഥ.
മഴക്കാലത്തെ കോട കൂടിയാവുമ്പോള്‍ ഗതാഗതം ദുഷ്‌ക്കരമാകുന്നു. പദ്ധതികള്‍ പ്രഖ്യാപനത്തില്‍ പലതുണ്ടെങ്കിലും ഒന്നും വെളിച്ചം കാണാത്ത സ്ഥിതി.
മുട്ടുങ്ങല്‍ പക്രംതളം റോഡു നവീകരണം, മന്ത്രി നേരിട്ടു പ്രഖ്യാപിച്ച പ്രത്യേക പാക്കേജ്, ഒടുവില്‍ മലയോരഹൈവേ.ഇങ്ങനെ പോകുന്നു പ്രഖ്യാപനമെങ്കിലും ഒന്നും വെളിച്ചം കണ്ടിട്ടില്ല.
മലയോരഹൈവേ റൂട്ടായി അംഗീകരിച്ചതിനാല്‍ ആദ്യം പ്രഖ്യാപിച്ച രണ്ടു വികസനവും ഇവിടെ ഇനി വരാന്‍ സാധ്യത കുറവാണ്. മലയോരഹൈവേയാകട്ടെ ഇതുവഴി എന്നു വരുമെന്നതില്‍ ഒരു നിശ്ചയവുമില്ല.
കുഞ്ഞാം നിരവില്‍പ്പുഴ വഴി പക്രംതളം റോഡിലേക്ക് പ്രവേശിക്കുന്ന മലയോര ഹൈവേക്ക് പക്രംതളംമുതല്‍ പൂതമ്പാറപ്പാലം വരെയുള്ള ആദ്യ ഭാഗത്തിന് 43.35 കോടി രൂപ കിഫ്ബി ഒരുവര്‍ഷംമുമ്പ് വകയിരുത്തിയിരുന്നു.
തുടര്‍ന്ന്, പൂതമ്പാറമുതല്‍ തൊട്ടില്‍പ്പാലം വരെയുള്ള ഭാഗത്തിനും തുക വകയിരുത്തി. എന്നാല്‍, റോഡ് 12 മീറ്ററില്‍ വികസിപ്പിക്കാനുള്ള നടപടികള്‍ക്കൊന്നും ഇതുവരെ തുടക്കമായിട്ടില്ല.
ബന്ധപ്പെട്ട പഞ്ചായത്ത്, ഉടമകളില്‍നിന്ന് സ്ഥലം വാങ്ങി കൈമാറിയാല്‍ മാത്രമേ നിര്‍മാണപ്രവൃത്തി ഏറ്റെടുക്കാന്‍ കരാറുകാര്‍ തയ്യാറാവുകയുള്ളൂ.
എന്നാല്‍, അതിനാവശ്യമായ നടപടികളെല്ലാം മന്ദഗതിയിലാണിപ്പോള്‍. ഇത്തരമൊരു സാഹചര്യം നിലവിലുള്ളതിനാല്‍ ചുരത്തിലെ ഒരു പ്രവൃത്തിക്കും ബന്ധപ്പെട്ടവര്‍ ഇപ്പോള്‍ പച്ചക്കൊടി കാണിക്കാത്ത സ്ഥിതിയാണ്.
#Development #projects #see the #light #day #Neglecting #Kuttyadi #Pass